നല്ല ചൂട് ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേര്‍ത്ത ചെമ്മീന്‍ മുളക് കറിയും കൂട്ടിന് വെണ്ടയ്ക്ക തക്കാളിക്കറിയും. ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടല്ലേ. നമുക്കിന് ഊണിനൊപ്പം കഴിക്കാന്‍ ഈ രണ്ട് സ്‌പെഷ്യല്‍ കറികളും തയ്യാറാക്കിയാലോ..

To advertise here,

ആവശ്യമുള്ള സാധനങ്ങൾ

  • ചെമ്മീന്‍ - 1/2 കിലോ
  • ഉരുളക്കിഴങ്ങ് - 1 വലുത്
  • ചുവന്നുള്ളി - 10
  • ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂണ്‍
  • വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
  • പച്ചമുളക് - 2
  • മുളക്‌പൊടി - 1 ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ 
  • കുടംപുളി - 2 കഷ്ണം
  • കടുക് - 1 ടീസ്പൂണ്‍
  • ഉലുവ- 1/2 ടീസ്പൂണ്‍
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയിലേക്ക് കടുക്, ഉലുവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക.  ചുവന്നു വരുമ്പോള്‍ പൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് ചതുരക്കഷ്ണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. അതിലേക്ക് വൃത്തിയാക്കിയ ചെമ്മീന്‍ കൂടെ ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൊടുക്കുക. കുതിര്‍ത്ത് വച്ച കുടംപുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചാറ് കുറുകി വരുന്ന വരെ വേവിക്കുക. ചൂടോടെ വിളമ്പാം.

വെണ്ടക്ക തക്കാളി കറി

  • വെണ്ടക്ക - 10
  • തക്കാളി - 2
  • വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍ 
  • ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • മുളക്‌പൊടി - 2 ടീസ്പൂണ്‍
  • കുരുമുളക് പൊടി - 1 ടീസ്പൂണ്‍
  • ജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍ 
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍ 
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, നുറുക്കിയ വെണ്ടക്ക ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വീണ്ടും 2 മിനുട്ട് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി ചേര്‍ത്ത് കൊടുക്കുക. പച്ചമണം മാറിയാല്‍ അല്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. വെന്ത് ചാറ് വറ്റി വരുമ്പോള്‍ കുരുമുളക് പൊടി, ജീരകപ്പൊടി ചേര്‍ത്ത് കൊടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം