രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും മുൻഗണന നൽകുന്നവർക്ക് പരീക്ഷിക്കാവുന്ന രണ്ട് വിഭവങ്ങളാണ് കത്തിരിക്ക സാമ്പാറും കൂൺ മസാല തോരനും. പ്രോട്ടീൻ സമ്പുഷ്ടമായ പരിപ്പും കൂണും ഒപ്പം പച്ചക്കറികളും ചേരുമ്പോൾ  മികച്ച കോമ്പിനേഷനായി മാറുന്നു. 

To advertise here,

കത്തിരിക്ക സാമ്പാർ
കത്തിരിക്ക - 1/4 കിലോ
തുവരപ്പരിപ്പ് - 1/2 കപ്പ്
തക്കാളി - 1 വലുത്
ചുവന്നുള്ളി - 10-12 എണ്ണം
പച്ചമുളക് - 1-2 എണ്ണം
വെളുത്തുള്ളി - 3-4 അല്ലി
മുളക്പൊടി - 1 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കായപ്പൊടി - 1 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ഉലുവപ്പൊടി - ഒരു നുള്ള്
വാളൻപുളി - ഒരു നാരങ്ങ വലിപ്പത്തിൽ
മല്ലിയില അരിഞ്ഞത് - കാൽ കപ്പ്
കടുക് - 1/2 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

  • പരിപ്പ്, വെളുത്തുള്ളി, പച്ചമുളക്, 1 കപ്പ് വെള്ളം എന്നിവ പാകത്തിന് ഉപ്പ് ചേർത്ത് വേവിച്ചു വെക്കുക.
  • ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച ശേഷം മുറിച്ച് വച്ച ഉള്ളി, കത്തിരിക്ക എന്നിവ ചേർത്ത് 2 മിനുട്ട് വഴറ്റുക.
  • അതിലേക്ക് മുറിച്ച തക്കാളി കൂടെ ചേർത്ത് വീണ്ടും 2-3 മിനുട്ട് വഴറ്റുക.
  • ഇനി പൊടികൾ ഓരോന്നായി ചേർത്ത് യോജിപ്പിക്കുക.
  • ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്ത് കൊടുക്കാം.
  • വേവിച്ചു വച്ച പരിപ്പ് കൂടെ ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കുക.
  • പാകമായാൽ അരിഞ്ഞ മല്ലിയില കൂടെ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.

കൂൺ മസാല തോരൻ

കൂൺ - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്
സവാള - 1 വലുത്
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

 

തയ്യാറാക്കുന്ന വിധം 

  • കുറച്ചു വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കി അതിലേക്ക് കൂൺ അല്പസമയം മുക്കി വച്ച ശേഷം കഴുകി ചെറിയ കഷണങ്ങൾ ആക്കി മുറിച്ച് വെക്കുക.
  • ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ 3-4 മിനുട്ട് വഴറ്റുക.
  • അതിലേക്ക് പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക.
  • അരിഞ്ഞ കൂൺ ചേർത്ത് യോജിപിച്ച് മൂടി വച്ച് വേവിക്കുക.
  • പാകത്തിന് ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.
  • കൂണിൽ നിന്നുമിറങ്ങിയ വെള്ളം വറ്റി വരുന്ന പരുവം ആകുമ്പോൾ തേങ്ങ ചിരകിയത്, ജീരകം എന്നിവ അരച്ചത് (ഒരുപാട് അരഞ്ഞു പോകരുത്) ചേർത്ത് യോജിപ്പിക്കുക.
  • പച്ചമണം മാറി വരുന്ന വരെ തുടരെ ഇളക്കി പാകം ചെയ്യുക.