ക്ഷണ പദാര്‍ഥങ്ങളുടെ സുന്ദര രൂപവും കൊതിപ്പിക്കുന്ന ഗന്ധവും ഭക്ഷിക്കുവാനുള്ള താത്പര്യം വര്‍ധിപ്പിക്കും എന്നുറപ്പാണല്ലോ. പുതുകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് നിറവും മണവും നല്‍കുവാന്‍ പലവിധ ചേരുവകളും വിപണിയില്‍ ലഭ്യമാണ്.

To advertise here,

ആഹാരത്തോട് വിമുഖത കാണിക്കുന്ന കുഞ്ഞുങ്ങളെ പാട്ടിലാക്കുവാന്‍ പണ്ടു കാലത്തും അമ്മമാര്‍ പലഹാരങ്ങള്‍ക്കും കറികള്‍ക്കും നിറവും മണവും കിട്ടാന്‍ ചില പൊടികൈകളൊക്കെ പ്രയോഗിക്കാറുണ്ട്.

ചെറുമക്കളെ തീന്‍മേശയിലേക്ക് ആകര്‍ഷിക്കുവാന്‍ വല്യേച്ചി ഇഡ്ഡലി/ദോശ മാവിനോപ്പം ബീറ്റ് റൂട്ട്/ക്യാരറ്റ് എന്നിവ അരച്ചു ചേര്‍ക്കുന്നതും, പിടി /കൊഴുക്കട്ടയ്ക്കുള്ള മാവ് കുഴയ്ക്കുമ്പോള്‍ അല്‍പം മഞ്ഞള്‍ പൊടി കൂടി ചേര്‍ക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്.

പേരക്കുട്ടിയെ തീന്‍മേശയിലേക്ക് എത്തിക്കാന്‍ ഇന്നുണ്ടാക്കിയ കോഴിക്കറി, വ്യത്യസ്തമായ മോഹിപ്പിക്കുന്ന ചെറു പര്‍പ്പിള്‍ നിറമുള്ള ഒന്നാണ്.

ചേരുവകള്‍ (നാലു പേര്‍ക്ക്)
കോഴിയിറച്ചി: 2 കപ്പ് (ഇടത്തരം കഷണങ്ങളായി നുറുക്കിയത്)
ബീറ്റ് റൂട്ട്: 1 കപ്പ് (ഇടത്തരം കഷണങ്ങളായി നുറുക്കിയത്)
തേങ്ങാ പാല്‍: ഒരു തേങ്ങ ചുരണ്ടി പിഴിഞ്ഞ് എടുത്ത ഒന്നാം പാലും, രണ്ടാം പാലും
തക്കാളി: 1 എണ്ണം (നാലായി കീറിയത്)
ചുവന്നുള്ളി: 20 (നീളത്തില്‍ അരിഞ്ഞത്)
കാന്താരി മുളക്: 10 (വലുപ്പവും എരിവും അനുസരിച്ച്, എരിവ് കുറവുള്ള വെള്ള കാന്താരിയാണ് ഇന്നു കിട്ടിയത് എന്നതിനാല്‍ 10 എണ്ണം, നീളത്തില്‍ കീറിയത്)
മല്ലിപ്പൊടി: 2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി: അര ടീ സ്പൂണ്‍
ചിക്കന്‍ മസാല പൊടി: 1 ടീ സ്പൂണ്‍
ഇഞ്ചി: ഒരിഞ്ചു നീളത്തില്‍ ഒരു കഷണം (ചതച്ചു വിടര്‍ത്തി എടുത്തത്)
വെളുത്തുള്ളി: 6 അല്ലി (ചതച്ചത്)
കറിവേപ്പില: 2 തണ്ട്
വെളിച്ചെണ്ണ: 3 ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

പാചക ക്രമം

  • തേങ്ങ ചുരണ്ടി വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ഒന്നാം പാലും ലേശം ചെറു ചൂടുവെള്ളം ചേര്‍ത്ത് പിഴിഞ്ഞ് രണ്ടാം പാലും എടുത്ത് വയ്ക്കുക.
  • ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മൂപ്പിച്ച് അരിഞ്ഞ ചുവന്നുള്ളി, കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മല്ലി, മഞ്ഞള്‍, മസാല പൊടികള്‍ ചേര്‍ത്ത്, പൊടികളുടെ നിറം മാറുന്ന മുറയ്ക്ക് നുറുക്കി കഴുകിയെടുത്ത കോഴിയിറച്ചിയും, അരിഞ്ഞ ബീറ്റ് റൂട്ടും ചേര്‍ത്ത് അടച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല.
  • കഷണങ്ങള്‍ വെന്തു വരുമ്പോള്‍ രണ്ടാം പാലു ചേര്‍ക്കാം. നന്നായി തിള വരുമ്പോള്‍ നാലായി കീറിയ തക്കാളി ചേര്‍ത്ത് ഒരു മിനിറ്റ് തിളപ്പിക്കുക.
  • ഇനി ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ തൂവി, കറിവേപ്പില വിതറി വാങ്ങാം.
  • എരിവ് കുറച്ചു കൂടി വേണ്ടവര്‍ക്ക്, അവസാനം കുറച്ചു കുരുമുളക് പൊടി കൂടി വിതറാവുന്നതാണ്.