കുംഭ മാസത്തിലെ പുതുമഴയോടെയാണ് ചേന നടാറുള്ളത്. കുട്ടിക്കാലത്ത് ചിങ്ങ മാസത്തിൽ പറിയ്ക്കുന്ന മൂക്കാത്ത ചേന അമ്മ പരന്ന കഷണങ്ങളായി മുറിച്ച് പുഴുങ്ങി കാന്താരി ചമ്മന്തിയോടൊപ്പം തരാറുണ്ട്. 1960- 70 കാലത്തെ ഭക്ഷ്യ ക്ഷാമത്തിന്റെ നാളുകളിൽ മിക്കവാറും മലയാളി കുടുംബങ്ങളുടെ വിശപ്പകറ്റിയിരുന്നത് കപ്പയും കാച്ചിലും ചേനയും ചേമ്പും പോലുള്ള കിഴങ്ങു വർഗ്ഗങ്ങളായിരുന്നല്ലോ...
ഉപ്പു മാത്രം ചേർത്ത് പുഴുങ്ങി തിന്നുന്നത് കൂടാതെ ഒരു സെ.മീ. സമ ചതുരത്തിൽ മുറിച്ച് ഉപ്പും മഞ്ഞളും കാന്താരിയുമിട്ട് വേവിച്ച ചേന കടുക് വറുത്തിട്ട് മെഴുക്കു പുരട്ടിയായും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. സദ്യ വിഭവങ്ങളായ അവിയലിലെയും പുളിശ്ശേരിയിലെയും പ്രധാന ചേരുവയും ചേന തന്നെ. ധനു മാസത്തെ തിരുവാതിര പുഴുക്കിന്റെ കൂട്ടുകൾക്കൊപ്പവും ചേനയുമുണ്ടാവും.
ഓണത്തിനു പറിച്ച ചെറിയ ഒരു ചേനയുടെ ബാക്കി കൊണ്ട് (പണ്ട് വല്യമ്മായി ഉണ്ടാക്കി തരാറുള്ളത് പോലുള്ള) ഒരു ചേന-എത്തയ്ക്കാ എരിശ്ശേരിയാണ് ഇന്നുണ്ടാക്കിയത്.
ചേരുവകൾ - (6 പേർക്ക്)
- ചേന - 250 gm (തൊലി ചെത്തി കളഞ്ഞ് ഇടത്തരം കഷണങ്ങളായി നുറുക്കിയത് - ഒരു കപ്പ്)
- ഏത്തയ്ക്ക - രണ്ടെണ്ണം (പുറം തൊലി ചീകി കളഞ്ഞ് ഇടത്തരം കഷണങ്ങളായി നുറുക്കിയത് - ഒരു കപ്പ്)
- വൻ പയർ - ഒരു കപ്പ് (ഉപ്പിട്ട് പുഴുങ്ങിയത്)
- തേങ്ങ ചിരവിയത് - ഒരു കപ്പ്
- വെളുത്തുള്ളി - നാല് അല്ലി
- പച്ച മുളക് - രണ്ട് എണ്ണം
- ജീരകം - ഒരു ടീസ്പൂൺ (5 ml)
- മുളക് പൊടി - ഒരു ടീ സ്പൂൺ
- മഞ്ഞൾ പൊടി - അര ടീ സ്പൂൺ
- വറ്റൽ മുളക് - രണ്ട് എണ്ണം
- ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്
പാചക ക്രമം
- വൻ പയർ ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
- മുക്കാൽ കപ്പ് തേങ്ങയും പച്ച മുളകും വെളുത്തുള്ളിയും ചെറുതായൊന്ന് അരച്ച് അരപ്പ് തയ്യാറാക്കുക (വെണ്ണ പോലെ അരയണ്ട).
- ഇടത്തരം കഷണങ്ങളായി നുറുക്കിയ ചേനയും ഏത്തയ്ക്കയും ആവശ്യത്തിനു വെള്ളവും ഉപ്പും മുളക് പൊടിയും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചതിലേക്ക് ഉപ്പിട്ടു വേവിച്ച വൻ പയറും അരപ്പും ഒരു മിനിറ്റ് തിളപ്പിച്ച് തീ കെടുത്തുക.
- ചീന ചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് കടുക് താളിച്ചതിലേക്ക് ബാക്കിയുള്ള തേങ്ങ കൂടി ചേർത്ത് സ്വർണ്ണ നിറമാകുന്നത് വരെ മൂപ്പിച്ച് വറുത്ത് ചേർക്കുക. രുചികരമായ ചേന എരിശ്ശേരി തയ്യാർ.
Content Highlights: Kerala's Culinary Heritage: Exploring the Versatile Yam (Chena) in Traditional Dishes
Published: 17 Sept 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented