വോട്ടർപട്ടിക ക്രമക്കേട് വിഷയവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയും ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പാക് സിനിമാ താരം മാഹിറ ഖാൻ സിജെപി പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു എന്ന വാദത്തോടെ ഒരു സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോസ്റ്റിൽ പറയുന്നത് “ ഒക്ടോബർ 10-ന് ബിജെപി സർക്കാരിനെതിരെ അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും പ്രതിഷേധിക്കാൻ പോകുന്നുവെന്ന കാര്യം അറിഞ്ഞു. ഈ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നു.
പാകിസ്ഥാൻ അഭിനേതാക്കൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ബിജെപി വിലക്കേർപ്പെടുത്തിയിട്ടുള്ളതിനാൽ എനിക്ക് ഇതിൽ പങ്കെടുക്കാൻ കഴിയില്ല. ഈ പ്രതിഷേധത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നാണ്.
എന്നാൽ, ഈ വൈറലായ സ്ക്രീൻഷോട്ട് വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
ധ്രുവ് റാഠിയും പ്രകാശ് രാജും ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ഒക്ടോബർ 8-നാണ് മാഹിറ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത് എന്ന തരത്തിലാണ് പലരും ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നതെന്ന് പരിശോധനയിൽ കണ്ടു. താരത്തിന്‍റെ അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നതിനാൽ വിപിഎന്നിന്‍റെ സഹായത്തോടെ ഇത് പരിശോധിച്ചു. മാഹിറ അഭിനയിച്ച ‘മിട്ടി ദെ ബാവെ’ എന്ന പാക് ടെലിവിഷൻ സീരീസുമായി ബന്ധപ്പെട്ടതും ചില വ്യക്തികളെക്കുറിച്ചുമുള്ള സ്റ്റോറികൾ മാത്രമാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.
താരത്തിന്‍റെ ഹാൻറിലിൽ നിന്നുള്ള മറ്റ് പോസ്റ്റുകളും പരിശോധിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ സിജെപി രൂപീകരിച്ചത് മുതലുള്ള പോസ്റ്റുകൾ പരിശോധിച്ചെങ്കിലും ഇന്ത്യൻ രാഷ്ട്രീയവുമായോ പ്രത്യേകിച്ച് കോക്രോച്ച് ജനത പാർട്ടിയുമായോ ബന്ധപ്പെട്ട പോസ്റ്റുകളൊന്നും തന്നെ അക്കൗണ്ടിൽ ഇല്ല. ഇന്ത്യയിലെ രാഷ്രട്രീയ വിഷയത്തിൽ മാഹിറ ഖാൻ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരുന്നെങ്കിൽ പാക് വാർത്താ, സമൂഹ മാധ്യമങ്ങളിലും ഇത് നിറഞ്ഞേനെ. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഒന്നും തന്നെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. സ്ക്രീൻഷോട്ട് യഥാർത്ഥമല്ല, മറിച്ച് എഐ നിർമ്മിതമാകാം എന്ന നിഗമനത്തിലെത്തി. ഏതാനും എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് വൈറൽ സക്രീൻഷോട്ട് പരിശോധിച്ചു. ഇത് എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്.
സ്ക്രീൻഷോട്ട് യഥാർത്ഥമല്ല എന്ന് വ്യക്തമായ ശേഷം ഇത് എങ്ങനെ നിർമ്മിച്ചു എന്നാണ് പരിശോധിച്ചത്. വെരിഫിക്കേഷൻ ടൂളുകൾ വഴി നടത്തിയ അന്വേഷണത്തിൽ ഈ ചിത്രം ഓപ്പൺ എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
Content Highlights: A viral screenshot claims Pakistani actress Mahira Khan supported the CJP protest involving Dhruv Rathee and Prakash Raj., Investigation revealed Mahira Khan's official account contains no such political posts regarding Indian politics or CJP., AI detection tools confirmed that the viral screenshot is fake and artificially generated using AI tools.
Published: 09 Oct 2026, 03:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented