മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി, യുവജന സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. സിജെപിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഒക്‌ടോബർ 10-ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നുമാണ് സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കിയത്. സമരത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തേക്കാമെന്ന് സിജെപി സഹ കൺവീനർ സൗരവ്ദാസ് എക്സിൽ കുറിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്, സമരത്തിനെത്തിയ സിജെപി പ്രവർത്തകനെ ഡൽഹി പോലീസ് കൈകാര്യം ചെയ്തു എന്ന തരത്തിലാണിത്. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം, ‘ഡൽഹി പോലീസ് പാറ്റയെ എറിഞ്ഞു കൊന്നു’ എന്നാണ്. എന്നാൽ, ഈ ദൃശ്യങ്ങൾ സിജെപി സമരത്തിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വെറും പത്ത് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ ഒരു യുവാവിനെ പോലീസ് കാലിൽ പിടിച്ച് തൂക്കിയെടുത്തു കൊണ്ടുപോകുന്നതായി കാണാം. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് ഡൽഹിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ്. എന്നാൽ മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ആദ്യം സമരം നടത്താനും പിന്നീട് ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനുമായിരുന്നു സിജെപി നേതൃത്വം തീരുമാനിച്ചത്. മുംബൈയിലെ പ്രശസ്തമായ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത അഭിജിത് ഒക്‌ടോബർ 10-ന് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോ ഡൽഹിയിൽ നടന്ന സിജെപി സമരത്തിൽ നിന്നാണെന്ന വാദം തെറ്റാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. പോലീസുകാരൻ യുവാവിനെ എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങൾക്ക് പിറകിലായി ഒരു പ്രതിമ കാണാനാകും. വെള്ള നിറത്തിലുള്ള മണ്ഡപത്തിനകത്തായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ സൂചന അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടത്തിയതിൽനിന്നും ഇത് ഉത്തർ പ്രദേശിലെ ലഖ്‌നൗവിലുള്ള ഹസ്രത്ഗഞ്ജിൽ സ്ഥാപിച്ചിരിക്കുന്ന ഡോ. ബി.ആർ അംബേദ്ക്കർ പ്രതിമയാണെന്ന് കണ്ടെത്തി. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ ഇത് സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡൽഹിയിൽ നിന്നുള്ളതല്ലെന്നു വ്യക്തമായി. ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതേ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ‘സമാജ്‌വാദി പ്രതിഷേധക്കാരെ യുപി പോലീസ് കൈകാര്യം ചെയ്തതിങ്ങനെ’ എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിവരങ്ങൾ ഉൾപ്പെടുത്തി കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും, ദി വയർ പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച നൂറുകണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് വാർത്ത. പ്രതിഷേധിച്ച സമാജ് വാദി പാർട്ടി പ്രവർത്തകനെ പോലാസ് എടുത്തുകൊണ്ടുപോയതായി വാർത്തയിൽ ചിത്രം സഹിതം പറയുന്നുണ്ട്. വിവിധ പൗരാവകാശ-യുവജന സംഘടനകളുടെ നേതൃത്വത്തിൽ അന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടന്നിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ 2-ന്, യുപിയിലെ ലഖ്‌നൗവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സമാജ് വാദി പാർട്ടി പ്രവർത്തകനെ പോലീസ് പിടികൂടി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video claims Delhi Police manhandled a CJP protester., Investigation reveals the video is actually from Hazratganj, Lucknow, Uttar Pradesh., The footage shows a Samajwadi Party worker being detained during an October 2 protest demanding the CEC's resignation., CJP protests in Delhi are scheduled for October 10, proving the video is unrelated.
Published: 05 Oct 2026, 04:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented