2026 ഒക്ടോബർ 2-ന് മുംബൈയിലെ ശിവജി പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയെ ജനങ്ങൾ ആക്രമിച്ചു എന്ന വാദത്തോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന്‌ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

ബിജെപിയെ വഴിവിട്ട് സഹായിക്കുന്ന ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, എസ്.ഐ.ആർ. നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കഴിഞ്ഞ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ശിവജി പാർക്കിൽ CJPയുടെ പ്രതിഷേധം. ഈ പ്രക്ഷോഭ പരിപാടിക്കിടെ അഭിജീത്തിനെ ജനങ്ങൾ മർദ്ദിച്ചു എന്ന വാദത്തോടെയാണ് ഒരു വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലായത്.

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഈ വീഡിയോ കഴിഞ്ഞ ജൂണിലേതാണെന്ന് വ്യക്തമായി. എൻ.ഡി.ടി.വി , എ.ബി.പി ന്യൂസ്, സി.എൻ.എൻ-ന്യൂസ്18 എന്നീ മാധ്യമങ്ങൾ 2026 ജൂൺ 15-ന് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ച് ജയ്പൂരിലെ ഷഹീദ് സ്മാരകിൽ യുവാക്കൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം നടന്നത്. അനുയായികൾ ദീപ്കെയെ തോളിലേറ്റിക്കൊണ്ടുപോകുമ്പോൾ ഒരു സംഘമെത്തി അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

 

വാസ്തവം

ഒക്ടോബർ 2-ന് മുംബൈയിലെ ശിവജി പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ അഭിജിത് ദീപകെയ്ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ജൂൺ 15-ന് ജയ്പൂരിൽ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.