തിരുപ്പരൻകുണ്ഡ്രം മലമുകളിൽ കാർത്തികദീപം തെളിയിക്കലുമായി ബന്ധപ്പെട്ട തർക്കം തമിഴ്‌നാട്ടിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നവംബർ 24-ന് 'ദീപത്തൂണിൽ' ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയെങ്കിലും ക്ഷേത്രം ട്രസ്റ്റി ബോർഡ് അനുമതി നിഷേധിച്ചതോടെ ചടങ്ങ് നടന്നില്ല. സുപ്രീം കോടതി നിർദേശിച്ചിട്ടും തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാതെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ ദീപം തെളിച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഒരു വിഭാഗം ഹിന്ദുക്കൾ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നു’ വെന്ന അവകാശവാദത്തോടെയാണിത്. ഏതാനും പേർ ചേർന്ന് 'ജനനായകൻ' എന്ന സിനിമയുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് വസ്തുതാപരിശോധനയിൽ വ്യക്തമായി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ ദൃശ്യങ്ങൾ കുമുദം ന്യൂസ് 24x7 എന്ന ഇൻസ്റ്റഗ്രാം പേജിൽ ജൂലൈ 31-ന് ‘കർണാടകയിൽ മുഖ്യമന്ത്രി വിജയ്‌യുടെ ബാനറുകൾ കീറിമുറിക്കുന്നു’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. മറ്റ് തമിഴ് മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ട് പ്രകാരം, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അഭിനയിച്ച് ജൂലൈ 23 ന് പുറത്തിറങ്ങിയ ജനനായകൻ എന്ന സിനിമയുടെ പ്രദർശനം ബെംഗളൂരു, മാണ്ഡ്യ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിൽ തടസ്സപ്പെട്ടിരുന്നു. കർണാടകയിൽ കാവേരി നദീജല തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ കന്നഡ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. സിനിമ പ്രദർശിപ്പിച്ച തിയേറ്ററുകൾക്ക് നേരെ പ്രതിഷേധക്കാർ വലിയ തോതിൽ അക്രമങ്ങൾ അഴിച്ചുവിടുകയും തീയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സിനിമാ ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു. അന്നത്തെ സംഭവത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ഇവ താരതമ്യം ചെയ്താൽ വ്യക്തമാകും.
ലഭ്യമായ തെളിവുകൾ പ്രകാരം പ്രചരിക്കുന്ന വീഡിയോ ഇപ്പോഴെത്തെ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ തിരുപ്പരൻകുണ്ഡ്രം വിവാദവുമായി ബന്ധപ്പെട്ടതല്ല. കാവേരി നദീജല തർക്കത്തെ തുടർന്ന് കർണാടകയിൽ വിജയ്‌യുടെ ജനനായകൻ സിനിമയ്ക്കെതിരായി നടന്ന പ്രതിഷേധത്തിൻ്റെതാണ്.
Content Highlights: A viral video falsely claims Hindus in Tamil Nadu are destroying CM Joseph Vijay's posters due to the Thiruparankundram controversy., Fact-check reveals the footage is actually from July, showing protests against the movie 'Jananayagan' in Karnataka over the Cauvery water dispute., The Supreme Court had earlier allowed lighting the lamp at Thiruparankundram, leading to political tensions between the Governor and CM.
Published: 26 Nov 2026, 05:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented