തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള തിരുപ്പരൻകുണ്ഡ്രം മലമുകളിലെ കൽത്തൂണിൽ കാർത്തികദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഹിന്ദു-മുസ്ലീം സംഘർഷംമുണ്ടായി, തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു എന്നീ ആരോപണങ്ങളോടെ ഒരു പോസ്റ്റ് സമൂഹമാധ്യമായ എക്സിൽ പ്രചരിക്കുന്നുണ്ട്. ഇസ്ലാം മത വിശ്വാസികളാണ് കൊല്ലപ്പെട്ടവരെല്ലാം എന്നാണ് പോസ്റ്റിൽ പറയുന്നത്. അതോടൊപ്പം ഹിന്ദു സംഘടനകൾ തിരുപ്പരൻകുണ്ഡ്രം മലമുകളിലേക്ക് മാർച്ച് ആരംഭിച്ചതായും പോസ്റ്റിലുണ്ട്.

To advertise here,

ഈ ആരോപണങ്ങൾക്ക് തെളിവെന്നോണം രണ്ട് വീഡിയോകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയുടേതാണ് ആദ്യ വീഡിയോയെങ്കിൽ രണ്ടാമത്തേത് ഹൈന്ദവ വിശ്വാസികൾ മുദ്രാവാക്യം മുഴക്കുന്നതിൻറേതാണ്.

എന്നാൽ, ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർഥ്യം.

തിരുപ്പരൻകുണ്ഡ്രം മലമുകളിലെ കൽത്തൂണിൽ നവംബർ 24-ന് ഒരുതവണ ദീപം തെളിക്കാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇത് നടപ്പാക്കിയിരുന്നില്ല. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്ത് മാത്രം ദീപം തെളിയിക്കുകയായിരുന്നു. മലമുകളിൽ ദീപം തെളിയിക്കാനുള്ള സംഘത്തിന് ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗീകാരം നൽകാത്തതിനാലാണിതെന്നാണ് മധുര കളക്ടർ നിഷാന്ത് കൃഷ്ണ കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ അറിയിച്ചത്.

കാർത്തികദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ മധുരയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരുന്നത്. ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും എൺപതോളം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്ന പോലെ ഇരു വിഭാഗങ്ങൾ തമ്മിൽ മധുരയിൽ ഏറ്റുമുട്ടിയിരുന്നെങ്കിൽ സ്വാഭാവികമായും അത് വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നുമില്ല.

വീഡിയോ 1

വൈറൽ വീഡിയോയിൽ റോഡ് ഉപരോധിക്കുന്ന പ്രതിഷേധക്കാരെയും ഇവർക്ക് നേരെ നീങ്ങുന്ന പോലീസുകാരെയും കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന് നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയിൽനിന്നുള്ള കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ സംഭവത്തിന്‍റെ ചിത്രം ഉൾപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ബംഗ്ലദേശ് മാധ്യമമായ ധാക്ക ട്രിബ്യൂൺ നവംബർ 4-ന് പങ്കുവെച്ച പോസ്റ്റാണിത്. “തൊഴിലാളികൾ ഹൈവേ കയ്യേറിയതിനെ തുടർന്ന് രാവിലെ 9:30-ഓടെ ഗതാഗതം സ്തംഭിച്ചു” എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം.

ഇതുമായി ബന്ധപ്പെട്ട് ധാക്ക ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വാർത്ത പരിശോധിച്ചു. നവംബർ 4 ബുധനാഴ്ച ബംഗ്ലാദേശിലെ ഗാസിപൂരിലെ ഗാച്ച പോലീസ് സ്റ്റേഷൻ പരിധിയിലെ ധാക്ക-മൈമെൻസിംഗ് ഹൈവേ വസ്ത്രനിർമ്മാണ തൊഴിലാളികൾ ഉപരോധിച്ചിരുന്നു. കൂലി വർധന ആവശ്യപ്പെട്ടുള്ള സമരത്തിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും തുടർന്ന് പോലീസ് കണ്ണീർ വാതകവും സൗണ്ട് ഗ്രനേഡുകളും പ്രയോഗിച്ചതായാണ് വാർത്തയിൽ പറയുന്നത്. ഇതിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോയാണ് മധുരയിൽ ഹിന്ദു- മുസ്ലീം സംഘർഷത്തെ തുടർന്നുള്ള പോലീസ് നടപടിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

വീഡിയോ 2

 

വലിയൊരു മൈതാനത്ത് ഒട്ടേറെപ്പേർ കൂടിനിന്ന് മുദ്രാവാക്യം മുഴക്കുന്നതും പശ്ചാത്തലത്തിൽ ഹൈന്ദവ സംഘടനകളുടെ കൊടികളും രണ്ടാമത്തെ വീഡിയോയിൽ കാണാം. ഇതിൽനിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വീഡിയോ 2025 ഫെബ്രുവരിയിലേതാണെന്ന് കണ്ടെത്തി. ദി ഹിന്ദു ഗ്രൂപ്പിന്‍റെ തമിഴ് പത്രമായ ഹിന്ദു തമിഴ് തിസൈയിൽ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുപ്പരൻകുണ്ഡ്രം മലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത ഹിന്ദു മുന്നണി, ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് വാർത്ത. കോടതി പ്രതിഷേധം നടത്താൻ അനുമതി നൽകിയതിനെത്തുടർന്ന് ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടിയായിരുന്നു കുന്നിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

തിരുപ്പരൻകുണ്ഡ്രം മലയിലെ കൽത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിൽ ഹിന്ദു-മുസ്ലീം സംഘർഷമുണ്ടായി പത്ത് ഇസ്ലാം മതവിശ്വാസികൾ കൊല്ലപ്പെട്ടു എന്ന പ്രചാരണം വ്യാജമാണ്. ബംഗ്ലാദേശിൽ വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ സമരത്തിനെതിരായ പോലീസ് നടപടിയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. ഹിന്ദു സംഘടനകൾ തിരുപ്പരൻകുണ്ഡ്രം മലമുകളിലേക്ക് മാർച്ച് ആരംഭിച്ചു എന്ന വാദത്തോടെ നൽകിയിരിക്കുന്ന വീഡിയോ 2025 ഫെബ്രുവരിയിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ളതാണ്.