ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണ് ഇതിന് ലഭിച്ചത് എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അഞ്ച് വർഷം മുൻപ് ഝാൻസിയിൽ സമാജ് വാദി പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഗോരഖ്പൂരിൽ നിന്നുള്ളതെന്ന പേരിൽ തെറ്റായി പ്രചരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
വലിയൊരു മൈതാനത്ത് ഒത്തുചേർന്ന ജനസഞ്ചയത്തെ അഖിലേഖ് യാദവ് അഭിവാദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ഗോരഖ്പൂരിൽ അഖിലേഷിന് ലഭിച്ച സ്വീകരണം എന്ന വാദത്തോടെ എസ്‌പി നേതാവ് ഐ.പി. സിംഗും ഇതേ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. 2027 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് നവംബർ 18-ന് പിഡിഎ (പിച്ച്ഡ, ദളിത്, ആൽപ്‌സംഖ്യക്) രഥയാത്ര എന്ന പേരിൽ 20 കിലോമീറ്റർ നീണ്ട റോഡ്‌ഷോ നടത്തിയിരുന്നു. യുപിയിലെ ഗോരഖ്പൂർ വിമാനത്താവളത്തിൽനിന്ന് ആരംഭിച്ച് ചൗരിചൗരയിലെ ദേവ്കാഹി ഗ്രാമം വരെയായിരുന്നു ഇത്. ഗോരഖ്പൂരിലെ ഒമ്പത് നിയമസഭാ സീറ്റുകളിലും ബിജെപിയെ തോൽപ്പിക്കുമെന്ന് അഖിലേഷ് യാദവ് അവകാശപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, പ്രചരിക്കുന്ന വീഡിയോ പിഡിഎ യാത്രയിൽനിന്നുള്ളത് തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വൈറൽ വീഡിയോയിൽനിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സർച്ച് നടത്തി. പരിശോധനയിൽ, അഖിലേഷ് യാദവ് തന്നെ ഇതേ വീഡിയോ വർഷങ്ങൾക്ക് മുൻപ് എക്സിൽ പങ്കുവച്ചതായി കണ്ടെത്തി. 2021 ഡിസംബർ 3-നാണ് അഖിലേഷിന്‍റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 ഡിസംബറിൽ നടത്തിയ സമാജ്‌വാദി വിജയ് യാത്രയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. അഖിലേഷിന്‍റെ പോസ്റ്റിൽതന്നെ ഇത് ഝാൻസിയിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും “സമാജവാദി വിജയ യാത്ര - ജാൻസി” എന്ന തലക്കെട്ടിൽ ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ 2021 ഡിസംബർ 3-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മണിക്കൂർ മുപ്പത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയുടെ അൻപത്തി എട്ടാം മിനുറ്റ് മുതലുള്ള ഭാഗത്ത് പ്രചരിക്കുന്ന അതേ ദൃശ്യങ്ങൾ കാണാനാകും. കൂടാതെ നവംബർ 18-ന് സമാജ്‌വാദി പാർട്ടി ഗോരഖ്പൂരിൽ സംഘടിപ്പിച്ച പിഡിഎ യാത്രയുടെ ദൃശ്യങ്ങളും പരിശോധിച്ചു. അവിടെ നടന്ന പൊതുസമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയിൽനിന്നും ഏറെ വ്യത്യസ്തമാണ് . ഇതിൽ നിന്നും 2021-ലെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നതെന്ന് സ്ഥിരീകരിക്കാം.
Content Highlights: An old 2021 video from Jhansi is being falsely shared as Akhilesh Yadav's recent rally in Gorakhpur., The viral video originated from the 2021 Samajwadi Vijay Yatra, not the recent PDA Yatra., Official sources and reverse image search confirm the video's actual origin date of December 3, 2021.
Published: 26 Nov 2026, 05:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented