വാട്‌സ്ആപ്പിൽ അതിവ്യാപകമായി പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് വസ്തുതാ പരിശോധന നടത്തുന്നത്. അടിയന്തര പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തിക്കേണ്ട മുന്നറിയിപ്പുകളാണ് ഇവ എന്ന തരത്തിലാണ് പ്രചാരണം. ഇതിൽ ആദ്യ സന്ദേശം പോലീസ് സൈബർ വിഭാഗത്തിൻറെ പേരിലുള്ളതാണ്. 

To advertise here,

സന്ദേശം 1

''അടിയന്തര വിവരം, ദയവായി ശ്രദ്ധിക്കുക.

നിങ്ങൾക്ക് ഒരു കോൾ ലഭിക്കുകയും നിങ്ങൾ കൊറോണ വാക്‌സിൻ എടുത്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്താൽ 1 അമർത്തുക, 2 അമർത്താനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും, എന്നാൽ നിങ്ങൾ ഒന്നോ രണ്ടോ നമ്പറുകൾ അമർത്തിയാൽ നിങ്ങളുടെ മൊബൈൽ സ്വിച്ച് ഓഫ് ആകുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ എല്ലാ വിവരങ്ങളും അപ്രത്യക്ഷമാവുകയും ചെയ്യും, അതിനാൽ ഉടനെ ഫോൺ വിച്ഛേദിക്കുക. ഈ സന്ദേശം കഴിയുന്നത്ര അയക്കുക. എല്ലാ മൊബൈലുകളിലേക്കും വേഗത്തിൽ വ്യാപിപ്പിക്കണം.
സൈബർ ക്രൈം പോലീസ്-''

പലതരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഈ സന്ദേശം പ്രചരിക്കുന്നത് എന്നതിനാൽ തന്നെ പലരും ഇത് വിശ്വസിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യും. എന്നാൽ ഈ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാണോ? അല്ല. സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെൻററുമായി ബന്ധപ്പെട്ടതിൽനിന്നു പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

സന്ദേശം 2                    

''  എയർപോർട്ട് അടിയന്തര അലേർട്ട്, ദയവായി വായിച്ച് പ്രചരിപ്പിക്കുക.

പോലീസ് രൂപീകരണത്തിൽ എത്തിച്ചേരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്: പൊതുസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മനോഹരമായ കീ ചെയിൻ വിൽക്കുന്ന കുറ്റവാളികളുടെ ഒരു സംഘമുണ്ട്.  അവർ ചിലപ്പോൾ സെയിൽസ് പ്രൊമോട്ടർമാരായി സ്വയം പരേഡ് നടത്തുന്നു.  ഈ കീ ചെയിനുകൾ എത്ര മനോഹരമായി നോക്കിയാലും വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
 കീ ശൃംഖലകളിൽ ഇൻബിൽറ്റ് ട്രാക്കിംഗ് ഉപകരണ ചിപ്പ് ഉണ്ട്, ഇത് നിങ്ങളുടെ വീട്ടിലേക്കോ നിങ്ങളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ട്രാക്ക് ചെയ്യാൻ അവരെ അനുവദിക്കുന്നു.  കീ ഹോൾഡറുകൾ കാണാൻ വളരെ മനോഹരമാണ്.  അത് സ്വീകരിക്കുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കിയേക്കാം.  അതിനാൽ ഈ സന്ദേശം സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും കൈമാറണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.   ജാഗ്രത പാലിക്കുക.

എല്ലാവർക്കും മുന്നറിയിപ്പ് നൽകുക.

 നന്ദി & ആശംസകൾ

 എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്     
 അന്താരാഷ്ട്ര വിമാനത്താവളം
 AOCC ടവർ നാലാം നില, ടെർമിനൽ 1B, ഇന്ത്യ
 ഓഫീസ് : +91 22 26156832 / 26264672 / TV4900 / 4600 / 4400
 ഇഫാക്‌സ് : +91 22 66851575
ഈ വിവരം നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുക.''

പരിശോധനയിൽ ഇതേ സന്ദേശം വർഷങ്ങൾക്ക് മുൻപും പ്രചരിച്ചതായി കണ്ടെത്തി. 2014, 2020 വർഷങ്ങളിൽ പ്രചരിച്ച സന്ദേശങ്ങളിൽ ഇത് പുറപ്പെടുവിച്ചത് 'എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഛത്രപതി ശിവാജി ഇൻറർനാഷണൽ എയർപോർട്ട്'  എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സന്ദേശത്തിൽനിന്ന് മുംബൈ, ഛത്രപതി ശിവാജി എയർപോർട്ട് എന്നിവ നീക്കം ചെയ്തും അതേസമയം, ഫോൺ നമ്പർ ഉൾപ്പടെയുള്ള മറ്റ് വിവരങ്ങൾ നിലനിർത്തിയുമാണ് ഇപ്പോൾ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നത് എന്ന് വ്യാക്തമായി. 

 

 

പത്ത് വർഷം മുൻപും ഇതേ സന്ദേശം പ്രചരിച്ച സാഹചര്യത്തിൽ,  മുംബൈ എയർപോർട്ട് അധികൃതർ അന്ന് ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന് പരിശോധിച്ചു. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. മാത്രമല്ല, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൻറേത് എന്ന തരത്തിൽ ഈ സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളും തെറ്റാണ്. 

സന്ദേശത്തിലെ വിവരങ്ങൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു സമാനമായൊരു പ്രചരണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ലഭിച്ചു. അമേരിക്കൻ മാധ്യമമായ സ്‌നോപ്‌സ് 2008 ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ചതാണിത്. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ പെട്രോൾ പമ്പുകളിലും പാർക്കിംങ് കേന്ദ്രങ്ങളിലും ക്രിമിനൽ സംഘം ഫ്രീ കീ റിംഗ്‌സ് വിൽക്കുന്നതായും ട്രാക്കിങ് ഡിവൈസ് ചിപ്പ് ഉള്ള ഇവ സ്വീകരിക്കരുത് എന്നുമാണ് അന്ന് പ്രചരിച്ച സന്ദേശത്തിൽ പറുയന്നത്. ഈ പ്രചാരണം വ്യാജമാണെന്ന് സ്‌നോപ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

https://www.nsopes.com/fact-check/key-crime/ 

കർശന സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് എയർപോർട്ടുകളിൽ ഡൊമസ്റ്റിക്, ഇൻറർനാഷണൽ ടെർമിനലുകളുടെ പ്രവർത്തനം. പ്രചാരണങ്ങളിൽ പറയുന്നതുപോലെ എയർപോർട്ടിനുള്ളിൽ ഇത്തരം കച്ചവടക്കാരെ അനുവദിക്കില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 'ട്രാക്കിങ് ചിപ്പുള്ള കീച്ചെയിൻ'  വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണെന്ന് വ്യക്തമായി.