സ്കൂൾ വിദ്യാർത്ഥിനി കയറിൽ തൂങ്ങി അപകടകരമായ രീതിയിൽ കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടക്കുന്നൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും ജീവൻ പണയപ്പെടുത്തിയാണ് കുട്ടികൾ ദിവസവും സ്കൂളിൽ പോകുന്നത് എന്ന വാദത്തോടെയാണ് ഇത്.

To advertise here,

എന്നാൽ, ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം

വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു ദേശീയ മാധ്യമമായ എൻഡിടിവി 2023 ജൂലൈ 1-ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. ഈ ദൃശ്യങ്ങൾ പുതിയതല്ല, ഏതാനും വർഷങ്ങൾക്ക് മുൻപേ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് ഇതിൽനിന്നു വ്യക്തമായി. കൊളംബിയയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

https://ndtv.in/zara-hatke/school-girl-risks-life-crossed-the-river-by-hanging-from-a-rope-internet-scared-says-they-should-also-get-better-facilities-4168152

തുടർന്ന് നടത്തിയ കീവേർഡ് സർച്ചിൽ കൊളംബിയൻ മാധ്യമങ്ങൾ ഇതിനെക്കിറിച്ച് റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. 2022 ജൂണിലാണ് പല വാർത്തകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്യൂർട്ടോ മോസ്കിറ്റോ ഗ്രാമത്തിലെ 'നർകാജ്മാന്റാ' (Narkajmanta) എന്ന ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് സ്കൂളിൽ പോകുന്നതിനായി അതിശക്തമായ ഒഴുക്കുള്ള ഗൈറ നദി മുറിച്ചുകടക്കാൻ ഈ അപകടകരമായ മാർഗ്ഗം ഉപയോഗിക്കുന്നത് എന്നാണ് വാർത്തയിൽ പറയുന്നത്. സുരക്ഷിതമായ മറ്റ് യാത്രാ സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ ഇത്തരത്തിൽ ജീവൻ പണയപ്പെടുത്തി പോകുന്നതിൽ നാട്ടുകാർക്ക് വലിയ ആശങ്കയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

അന്ന് ഈ വീഡിയോ വൈറലായതിനെ തുടർന്ന് സാന്റാ മാർട്ടയിലെ മേയർ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കകയും യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി കേബിൾ കാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

വാസ്തവം

സ്കൂൾ വിദ്യാർത്ഥി കയറിൽ തൂങ്ങി നദി മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല, കൊളംബിയയിലെ സാന്റാ മാർട്ടയിൽനിന്ന് 2022-ൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.