ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽനിന്നു വീണ്ടും തുടർച്ചയായുള്ള തീവ്രവാദി ആക്രമണ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ ജൂൺ മാസത്തിൽ മാത്രം ആഴ്ചകളുടെ വ്യത്യാസത്തിൽ പുൽവാമ, കത്തുവ, ബാരാമുള്ള എന്നിവിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നു. 

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗർ സന്ദർശനത്തിന് മുൻപായിട്ടായിരുന്നു ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചത്. ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കമാൻഡോ സംഘം ശ്രീനഗറിൽ വച്ച് ഭീകരനെ സാഹസീകമായി പിടികൂടുന്നതിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. ഇതിലെ വസ്തുത അന്വേഷിച്ച് ഞങ്ങളുടെ ടിപ് ലൈനിൽ ലഭിച്ച ഈ വീഡിയോയുടെ യാഥാർഥ്യം പരിശോധിക്കാം. 

അന്വേഷണം 

വെറും പതിനഞ്ച് സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ സുരക്ഷാ സേന വാഹനം ഒരു ബൈക്ക് യാത്രികനെ വളയുന്നതും ഇത്  മറികടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അയാൾ റോഡിൽ വീഴുന്നതും കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇയാളെ സുരക്ഷാ സേനാംഗമെത്തി ചാടി ചവിട്ടി വീഴ്ത്തി കീഴ്പ്പെടുത്തുന്നതാണ് തുടർന്നുള്ള ദൃശ്യങ്ങളിൽ. ഈ സംഭവം ക്യാമറയിൽ പകർത്തുന്നവർ ആർപ്പുവിളികൾ ഉയർത്തുന്നതും വീഡിയോയിലുണ്ട്. 

വാർത്താ മാധ്യമങ്ങളിലൊന്നും തന്നെ ഇങ്ങനെ ഒരു സംഭവം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മറ്റൊരു വീഡിയോ കണ്ടെത്തി. രണ്ടര മിനുറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയുടെ 0:13 മുതൽ 0:25 വരെയുള്ള ഭാഗത്ത് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം . ഇതേ സംഭവത്തിന്റെ പല ആങ്കിളുകളിൽ നിന്നായി പകർത്തിയ ദൃശ്യങ്ങളാണ് ഇതിലുള്ളത്. 

ബ്രസീലിയൻ വാർത്താ മാധ്യമമായ RIC Notíciaന്റെ യൂട്യൂബ് ചാനലിൽ 2021 ഓഗസ്റ്റ് മൂന്നിനാണ് യഥാർഥ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദക്ഷിണ ബ്രസീലിലെ മരിഗ സിറ്റിയിലെ പെറോല എന്ന സ്ഥലത്താണ് ദൃശ്യങ്ങളിൽ കാണുന്ന സംഭവം നടന്നത്. അമിതവേഗത്തിൽ വാഹനമോടിച്ച കൗമാരക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതാണ് ദൃശ്യങ്ങളിൽ. 

 

വാസ്തവം

2021-ൽ ബ്രസീലിലെ പെറോലയിൽ ലൈസൻസില്ലാതെ അപകടകരമാം വിധം വാഹനമോടിച്ച കൗമാരക്കാരനെ പോലീസ് പിടികൂടുന്നതിന്റെ വീഡിയോ ആണ് തെറ്റായി പ്രചരിപ്പിക്കുന്നത്.