മുംബൈയിലെ പരേലിലുള്ള കെ.ഇ.എം. ആശുപത്രിയിൽ പക്ഷാഘാതം സംഭവിച്ചവരെ മണിക്കൂറുകൾക്കകം ഭേദമാക്കുന്ന ചികിത്സ ലഭ്യമാണെന്ന അവകാശവാദവുമായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘പക്ഷാഘാതമുണ്ടായി 24 മണിക്കൂറിനകം രോഗിയെ ഈ ആശുപത്രിയിൽ എത്തിച്ചാൽ 'ഓട്ടോമാറ്റിക് മെഷീൻ' ഉപയോഗിച്ച് രോഗം ഭേദമാക്കാം’ എന്നാണിതിൽ പറയുന്നത്. മാത്രമല്ല, രാജ്യത്ത് ഈ ചികിത്സ ലഭ്യമാക്കിയ ആദ്യ ആശുപത്രിയാണിതെന്നും സന്ദേശത്തിലുണ്ട്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. മുൻവർഷങ്ങളിലും സമാന സന്ദേശം പ്രചരിച്ചിരുന്നു.
അന്വേഷണം
മസ്തിഷ്‌കത്തിലേക്കുള്ള രക്തചംക്രമണം കുറയുമ്പോഴാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരുകയും തുടർന്നവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യും. ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങളെ (ഓർമ്മ, കാഴ്ച, കേൾവി, പേശീനിയന്ത്രണം ) ബാധിക്കുകയും ചെയ്യും.
പക്ഷാഘാതം സംഭവിച്ച രോഗിയെ 24 മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചാൽ 'ഓട്ടോമാറ്റിക് മെഷീൻ' വഴി ഏതാനും മണിക്കൂറിനകം സുഖപ്പെടുത്താനാകുമെന്ന പ്രചാരണം ശരിയല്ല. ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്‌ട്രോക്കിനു ശേഷം പൂർവ്വസ്ഥിതി പ്രാപിക്കാൻ സാധിക്കും. പക്ഷേ, ഈ റിക്കവറി തലച്ചോറിൽ കോശങ്ങൾ നശിച്ചതിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിലാണ്. സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനകം വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ മികച്ച ഫലം ലഭിക്കൂ.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് 'പക്ഷാഘാതം വന്ന രോഗിയുടെ തലയിലെ ട്യൂമർ ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതുപോലെ നീക്കം ചെയ്യാം' എന്നാണ്. ഈ വാദവും ശരിയല്ല. ട്യൂമർ എന്ന് പറയുന്നത് മറ്റൊരു രോഗാവസ്ഥയാണ്. സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നത്. ആൻജിയോപ്ലാസ്റ്റി എന്നത് അടഞ്ഞതോ ഇടുങ്ങിയതോ ആയ ധമനിയെ തുറക്കുന്ന ഒരു ചികിത്സാരീതിയാണ്. സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന സൂചനകളാണ് ഇതിന്‍റെ ഉള്ളടക്കത്തിൽനിന്നു ലഭിക്കുന്നത്.
സന്ദേശത്തിൽ പറയുന്ന മുംബൈയിലെ പരേലിലുള്ള കെ.ഇ.എം. ആശുപത്രിയെക്കുറിച്ച് തുടർന്ന് അന്വേഷിച്ചു. 2018 ഒക്ടോബർ 11-ന് ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. കെ.ഇ.എം. ആശുപത്രിയിൽ ഒക്ടോബർ 10-ന് ഉദ്ഘാടനം ചെയ്തത സ്‌ട്രോക്ക് സെന്ററുമായി ബന്ധപ്പെട്ടാണ് ഈ വാർത്ത. പക്ഷാഘാത രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെൻറർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ദവ് താക്കറെയായിരുന്നു ഉദ്ഘാടനം ചെയ്തത്.
KEM Hospital gets advanced stroke centre - The Hindu
ബൈപ്ലെയ്ൻ ഡി.എസ്.എ. ന്യൂറോ മെഷീൻ (Biplane DSA Machine) എന്ന ഉപകരണം സെന്ററിൽ സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബൈപ്ലെയ്ൻ ഡി.എസ്.എ. ന്യൂറോ മെഷിനിന്റെ (Biplane DSA Machine) സഹായത്തോടെ പക്ഷാഘാതത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകുമെന്നും അതുവഴി മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും കെ.ഇ.എം. ആശുപത്രിയിലെ ന്യൂറോ സർജനായ ഡോ. നിതിൻ ദംഗേ പറഞ്ഞതായി ഈ റിപ്പോർട്ടിലുണ്ട്.
WhatsApp rumour of ‘paralysis cure’ sends patients haring to KEM
ഈ വിവരങ്ങളാണ് പിന്നീട് തെറ്റായി പ്രചരിച്ചത്. 2018-ൽ തുടങ്ങി തുടർന്നുളള പല വർഷങ്ങളിലും സമാനപ്രചാരണം നടന്നിരുന്നു. 2018 നവംബർ 3-ന് മുബൈയിലെ ഇംഗ്ലീഷ് മാധ്യമമായ മുംബൈ മിറർ ഇത് സംബന്ധിച്ച് ഒരു വാർത്ത നൽകുകയുണ്ടായി. വ്യാജസന്ദേശം പ്രചരിച്ചതിനെ തുടർന്ന് പക്ഷാഘാത രോഗികളും ബന്ധുക്കളുമടക്കം ഒട്ടേറെ പേർ ഡോ. നിതിൻ ദംഗേയെ നേരിട്ടും അല്ലാതെയുമായി ബന്ധപ്പെട്ടതായാണ് ഈ റിപ്പോർട്ടിൽ പറയുന്നത് . ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു സ്ഥിരീകരിച്ചു.
വാസ്തവം
പക്ഷാഘാതം സംഭവിച്ച രോഗികളെ ഏതാനും മണിക്കൂറുകൾക്കകം ഭേദമാക്കുന്ന മെഷീൻ ലഭ്യമാണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
2018 മുതൽ പ്രചരിക്കുന്ന വ്യാജസന്ദേശമാണിത്. മുബൈയിലെ കെ.ഇ.എം. ആശുപത്രിയിൽ 2018 ഒക്ടോബറിൽ സ്‌ട്രോക്ക് സെന്റർ ആരംഭിച്ചിരുന്നു. അവിടെ സ്ഥാപിച്ച ബൈപ്ലെയ്ൻ ഡി.എസ്.എ. ന്യൂറോ മെഷിനെക്കുറിച്ചാണ് സന്ദേശത്തിൽ തെറ്റായി പരാമർശിച്ചിരിക്കുന്നത്.
Content Highlights: stroke treatment, stroke cure, fact check, medical hoax, KEM Hospital, Biplane DSA Machine, stroke recovery, neurology,
Published: 24 Feb 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented