പാലിൽ കുളിക്കുന്നൊരു വ്യക്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വർഗീയ പരാമർശങ്ങളോടെയാണ് ഇത് പ്രചരിക്കുന്നത്. ഇസ്ലാം മതവിശ്വാസിയായ ഒരു കമ്പനി ഉടമയാണ് പാലിൽ കുളിക്കുന്നതെന്നും അമുസ്ലീങ്ങൾക്ക് വിൽക്കാനുള്ള പാലിലാണിത് എന്നുമാണ് അവകാശവാദം. യഥാർഥത്തിൽ, ഈ ദൃശ്യങ്ങൾക്ക് കേരളവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. വിശദാംശങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം
ഒരു ഡയറി യൂണിറ്റിൽനിന്നുള്ള ദൃശ്യം എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വെളുത്ത ദ്രാവകം നിറച്ച ടബ്ബുപോലൊന്നിൽ കിടക്കുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാം. ഇയാൾ ഈ ദ്രാവകം തലയിലൂടെ കോരി ഒഴിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദ്രാവകം പാലാണെന്നാണ് പ്രചാരണങ്ങളിൽ പറയുന്നത്. തുപ്പൽ ജിഹാദിന് ശേഷം ഏറ്റവും പുതിയത്' എന്ന വർഗീയ പരാമർശവും വീഡിയോയ്ക്കൊപ്പമുള്ള വിവരണത്തിലുണ്ട്.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രമുഖ തുർക്കി മാധ്യമങ്ങളായ എൻ.ടി.വി. ഹാബെർ, ശാലോം ഗസ്സേടെസി, ഡെയിലി സബാഹ്, ഹുറിയത് ഡെയിലി എന്നിവ 2020-ൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഇതേ വിഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ കണ്ടെത്തി. സ്‌ക്രീൻഷോട്ടുകളെ കൂടാതെ ചില റിപ്പോർട്ടുകൾക്കൊപ്പം ഈ വീഡിയോയും നൽകിയിട്ടുണ്ട്. വാർത്തയനുസരിച്ച്, 2020 ഒക്ടോബറിൽ തുർക്കിയിലെ കോന്യ പ്രവിശ്യയിലെ ഒരു ഡയറി പ്ലാന്റിലായിരുന്നു സംഭവം നടന്നത്.
സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന എംറേ സയർ, ഊർ തുർഗത്ത് എന്നിവരായിരുന്നു ഈ സാഹസത്തിന് പിന്നിൽ. ക്യാമറയ്ക്ക് മുൻപിൽ 'പാലിൽ നീരാടിയത്' എംറയും ദൃശ്യങ്ങൾ പകർത്താൻ സഹായിച്ചത് ഊർ തുർഗത്തുമായിരുന്നു. ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത ദൃശ്യങ്ങൾ പിന്നീട് വൈറലായി.
സംഭവം വിവാദമായതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന് കാട്ടി കമ്പനി താൽക്കാലികമായി അടയ്ക്കുകയും ചെയ്തു. പാലിലാണ് എംറേ കുളിച്ചത് എന്നാണ് മാധ്യമങ്ങൾ എല്ലാം അന്ന് റിപ്പോർട്ട് ചെയ്തത്.

ഡയറി യുണിറ്റ് അടച്ചതിനെക്കുറിച്ചുള്ള വാർത്തകൾ:
https://www.hurriyetdailynews.com/workers-milk-bath-causes-dairy-plant-to-close-down-159794
https://www.dailysabah.com/turkey/workers-viral-milk-bath-leads-to-dairys-closure-in-central-turkey/news
വീഡിയോയിലുള്ള ദ്രാവകം പൂർണമായും പാൽ അല്ല എന്നായിരുന്നു അറസ്റ്റിലായവർ അവകാശപ്പെട്ടത്. വെള്ളം, അണുനാശിനി, ഉപയോഗശൂന്യമായ പാൽ എന്നിവയുടെ മിശ്രിതമാണ് വീഡിയോയ്ക്കായി ഉപയോഗിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. തമാശയ്ക്കായാണ് ഇത്തരത്തിലൊരു വീഡിയോ പകർത്തിയതെന്നും പാലിനേക്കാൾ കൂടുതൽ വെള്ളവും അണുനാശിനിയുമായിരുന്നു മിശ്രിതത്തിൽ ഉണ്ടായിരുന്നതെന്നുമായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അന്വേഷണത്തിലൂടെ ഈ വാദം ശരിവെച്ച കോടതി 2021 ൽ ഇരുവരെയും കുറ്റവിമുക്തരാക്കി.

അറസ്റ്റിലായവരെ കുറ്റവിമുക്തമാക്കിയതിനെ കുറിച്ചുള്ള വാർത്തകൾ:
https://qazet.az/milk-bath-man-wins-compensation-lawsuit
https://www.karakosehaber.com/sut-banyosu-olayina-karisanlarin-avukati-ahmet-kaya-muvekkillerim-bu-durumdan-pisman-85251h.htm
https://www.ntv.com.tr/turkiye/sut-banyosuna-istenen-ceza-belli-oldu,-SL789PA-0-RuNy2S3EAIA
വാസ്തവം
വില്പനയ്ക്കുള്ള പാലിൽ കുളിക്കുന്ന സ്ഥാപന ഉടമയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. 2020-ൽ തുർക്കിയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: It is claimed that a Muslim company owner bathes in milk and that it is milk to sell to non-Muslims
Published: 13 Apr 2024, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented