രാജ്യത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമുള്ള ഈ സന്ദേശത്തിൽ, 2025-ൽ എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായമായി ലാപ്ടോപ്പ് നൽകുമെന്നും അതിനായി നൽകിയിരിക്കുന്ന ലിങ്കിൽ കയറണമെന്നും ആവശ്യപ്പെടുന്നു. ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശാേധനയിൽ കണ്ടെത്തി.

To advertise here,

പ്രചരിക്കുന്ന പോസ്റ്ററിന്റെ മുകളിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് എന്നും, 2023-ൽ ഇന്ത്യയിൽ നടന്ന G20 ഉച്ചകോടിയുടെ ചിഹ്നവും കാണാം. വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഈ ലോഗോയുടെ ആവശ്യമില്ല. മാത്രമല്ല, ഇത് മൂന്ന് വർഷം മുൻപ് നടന്നതിന്റേതുമാണ്. പ്രചാരണം വ്യാജമാണെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യാഗിക വെബ്സെറ്റ് പരിശോധിച്ചു. പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലൊരു പദ്ധതിയുടെ വിവരങ്ങൾ സൈറ്റിൽ ഇല്ല.
സർക്കാരിന്റെ ഔദ്യോഗിക പദ്ധതികൾ ലിസ്റ്റ് ചെയ്യുന്ന 'My Scheme' https://www.myscheme.gov.in/ പോർട്ടലിലും പരിശോധിച്ചു. ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന്‌ ഉറപ്പാക്കി. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകൾ ഫിഷിങ് ലിങ്കുകൾ ആകാനാണ് സാധ്യത. ഇതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ കൈമാറാതിരിക്കുക. ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നതുവഴി മാൽവേറുകൾ ഡിവൈസിൽ കടന്നുകയറാനും സാധ്യതയുണ്ട്. സർക്കാറുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ലിങ്കിൽ 'gov.in' എന്ന് ഉണ്ടായിരിക്കും. ഔദ്യോഗിക വിവരങ്ങൾക്കായി ഇത്തരം ലിങ്കുകളെ മാത്രം ആശ്രയിക്കുക.
വിശദപരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസ് ഇൻഫോർമേഷൻ ബ്യൂറോയും ഈ പ്രചാരണം വ്യാജമാണെന്ന് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.