സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ  'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിൽ പുതിയൊരു പദ്ധതി തുടങ്ങിയെന്ന വാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുവഴി, സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലിചെയ്ത് പ്രതിമാസം 30,000 രൂപ വരെ വരുമാനം നേടാമെന്നാണ് അവകാശപ്പെടുന്നത്. അതോടൊപ്പം, തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്ന 'ബേറോജ്ഗാരി ഭത്താ യോജന 2026' എന്ന പദ്ധതിയും കേന്ദ്രം നടപ്പാക്കാൻ പോകുന്നതായി ഇതിൽ പറയുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

https://www.youtube.com/watch?v=SmEJY7sHqOc

അന്വേഷണം

കേന്ദ്ര സർക്കാർ ഇങ്ങനെയൊരു പദ്ധതി നടപ്പിക്കാൻ പോകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഈ വാദം ശരിയാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പരിശോധനയിൽ കണ്ടെത്തിയില്ല. ‘Buddhsen92TechOfficial’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വൈറൽ വീഡിയോ പങ്കിവച്ചിരിക്കുന്നത്. ഇത്തരം അവകാശവാദങ്ങളോടെയുള്ള ഒട്ടേറെ വീഡിയോകൾ ഈ ചാനലിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. പദ്ധതികളിൽ എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും വീഡിയോയിൽ കാണാം. എന്നാൽ, അതിൽ നൽകിയിരിക്കുന്ന ലിങ്കുകളും വെബ്സൈറ്റുകളും ഔദ്യോഗികമല്ല. സർക്കാറുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ഡൊമെയ്ൻ gov.in എന്നായിരിക്കും (അതായത് ലിങ്കിൽ അവസാനഭാഗത്തായി gov.in എന്ന് കാണും). എന്നാൽ, ഇവിടെ നൽകിയിരിക്കുന്ന ഒന്നിലും gov.in എന്ന ഡൊമെയ്ൻ ഇല്ല.

തുടർ പരിശോധനയിൽ, ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാറിൻ്റെ പ്രസ് ഇൻഫോർമോഷൻ ബ്യൂറോ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയതായി കണ്ടെത്തി.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

വാസ്തവം

കേന്ദ്ര സർക്കാർ മഹിളാ വർക്ക് ഫ്രം ഹോം യോജന 2026', 'ബേറോജ്ഗാരി ഭത്താ യോജന 2026' എന്നീ പദ്ധതികൾ നടപ്പാക്കാൻ പോകുന്നു എന്ന പ്രചാരണം വ്യാജമാണ്.