ചോദ്യപ്പേപ്പർ ചോർച്ചാ വിഷയമുയർത്തി ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളെ ആധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവും യൂട്യൂബ് വീഡിയോയിലൂടെ ഇയാൾ നടത്തിയിട്ടുണ്ട്. വിവാദ പരാമർശങ്ങൾക്കെതിരെ പല കോണുകളിൽ നിന്നായി വ്യാപക പ്രതിഷേധവും ഉയർന്നു. മോഹൻദാസിനെതിരെ കേസെടുക്കാൻ വൈകിയതിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ അതൃപ്തിയും ഉന്നയിച്ചു. ആർഎസ്എസ് പോലും മോഹൻദാസിന്റെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകയുണ്ടായി.
ഇതിനിടെ, മോഹൻദാസിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരു ചിത്രം ഇപ്പോൾ വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേറെപ്പേരാണ് ഇതിന്‍റെ വാസ്തവം അന്വേഷിച്ച് മാതൃഭൂമി ടിപ് ലൈനുമായി ബന്ധപ്പെട്ടത്.ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തി.
അന്വേഷണം
യൂട്യൂബ് ചാനലിലൂടെ മോഹൻദാസ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായ സാഹചര്യത്തിൽ, അയാൾ അറസ്റ്റിലായിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. തിരുവനന്തപുരം സൈബർ പോലീസ് മോഹൻദാസിനെതിരെ കേസെടുത്തത് വാർത്തയായിരുന്നു. എന്നാൽ, അറസ്റ്റ് നടന്നതായി വിവരമില്ല. പ്രചരിക്കുന്ന ചിത്രം യഥാർത്ഥമായിരിക്കില്ല എന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ചിത്രം സൂക്ഷമമായി പരിശോധിച്ചാൽ അതിൽ ചില അപാകതകൾ കാണാനാകും. ഫോട്ടോയിൽ മോഹൻദാസിനും പോലീസുകാർക്കും പിന്നിലായി നിർത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് മുകളിൽ 'കേരള' എന്നെഴുതിയിരിക്കുന്നതിൽ അക്ഷരത്തെറ്റുകളുണ്ട്. സാധാണയായി എഐ നിർമ്മിത ചിത്രങ്ങളിലും വീഡിയോകളിലുമാണ് ഇത്തരത്തിലുള്ള അക്ഷരപിഴവുകൾ കാണാറ്.
മാത്രമല്ല, ചിത്രത്തിൽ കാണുന്ന പോലീസ് യൂണിഫോമിലും വ്യത്യാസമുണ്ട്. ഷോൾഡർ സ്ട്രാപ്പിൽ KP (കേരളാപോലീസ്) റിബ്ബൺ എന്നിവ ഇല്ല. അസി. സബ് ഇൻസ്പെക്ടർമാരുടേത് പോലെ ഒരു നക്ഷത്രമാണ് സ്ട്രാപ്പിലുള്ളത്. എന്നാൽ എ.എസ്.ഐമാർ ധരിക്കുന്ന ഔദ്യോഗിക തൊപ്പിയല്ല ചിത്രത്തിലുള്ളത് . കാക്കി നിറത്തിലുള്ള പീക്ക് ക്യാപ്പ് ആണ് എ.എസ്.ഐമാർക്ക് നിർദേശിച്ചിരിക്കുന്നത്. ചിത്രത്തിലാകട്ടെ നീലത്തൊപ്പിയും, മാത്രമല്ല ഇതിലെ കേരള പോലീസ് എംബ്ലം (ചിഹ്നം) വികലമാണ്.
വൈറൽ ചിത്രം എഐ നിർമ്മിതമാണോ എന്ന് തുടർന്ന് പരിശോധിച്ചു. പരിശോധയിൽ ചിത്രം 99.9 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ് പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.
Content Highlights: Investigation into viral social media claims regarding TG Mohandas's arrest., Confirmed that no official arrest has been made by Thiruvananthapuram Cyber Police., Evidence of AI manipulation: spelling errors on police vehicles and incorrect uniform details., AI detection tools confirm the viral image is 99.9% AI-generated., Conclusion: The claim of his arrest is false.
Published: 30 Jul 2026, 03:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented