നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലി രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു എന്ന രീതിയിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

To advertise here,

വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്-

“ചില രാജ്യദ്രോഹികൾ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ പേരിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. അത്തരക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ- മന്ത്രിമാർ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്ന യുപിഎ സർക്കാരല്ല ഇത്, മറിച്ച് എൻഡിഎ സർക്കാരാണ്." എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു എന്നാണ്.

എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ പത്ത് വർഷങ്ങൾക്ക് മുൻപ്പുള്ളതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം
നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ രീതിയിൽ സുപ്രധാനമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി (CBT) നടത്തുമെന്ന് മെയ് 15-ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ധർമ്മേന്ദ്ര പ്രധാൻ അല്ലാതെ മറ്റ് മന്ത്രിമാർ ആരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി. 2015 ജൂൺ 24-ന് ദേശീയ മാധ്യമമായ ടൈംസ് നവിൻ്റെ ഔദ്യോഗിക യൂടൃൂബ് പേജിൽ പങ്കുവച്ച ദൃശ്യങ്ങളാണിത്. സുഷമയും വസുന്ധരയും രാജിവെക്കില്ലെന്ന് രാജ്നാഥ് സിങ് എന്നാണ് വീഡിയോയുടെ തലക്കെട്ട്. ‘ ലളിത്‌ഗേറ്റ് വിവാദത്തിൽ ആരോപണം നേരിടുന്ന സുഷമ സ്വരാജ് ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരാരും രാജിവയ്ക്കേണ്ട സാഹചര്യമില്ല, ഇത് യുപിഎ സർക്കാരല്ല, എൻഡിഎ സർക്കാരാണ്” എന്നാണ് സിങ് ഇതിൽ പറഞ്ഞത്. അദ്ദേഹത്തെക്കൂടാതെ അന്ന് കേന്ദ്രമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദും എൻഡിഎ മന്ത്രിമാരെ പിന്തുണച്ച് സംസാരിക്കുന്നത് ഈ വീഡിയോയിലുണ്ട്. എല്ലാ മാധ്യമങ്ങളും അന്ന് ഇത് റിപ്പോർട്ട് ചെയ്യ്തിരുന്നു.

ഇതിൽ നിന്നും പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ നീറ്റ് വിവാദവുമായി ബന്ധമില്ലെന്ന് വ്യക്തമായി.10 വർഷങ്ങൾക്ക് മുൻപുള്ള ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നത്.

 

വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. 2015-ൽ രാജ്‌നാഥ് സിങ്ങ് നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായവാദത്തോടെ പ്രചരിക്കുന്നത്.