രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ മഹാരാഷ്ട്രയിലെ ലാതൂരിലുള്ള പ്രമുഖ കോച്ചിംഗ് സെന്ററായ 'രേണുകായ് കരിയർ സെന്റർ' (RCC) ഉടമ ശിവരാജ് മോട്ട്‌ഗാവ്കറെ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അറസ്റ്റ് ചെയ്തത് വലിയ വാർത്തായായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ 'M Sir' എന്നറിയപ്പെടുന്ന ഇയാൾ, തങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മോക്ക് ടെസ്റ്റിൽനിന്നുള്ള 101 ചോദ്യങ്ങൾ യഥാർത്ഥ നീറ്റ് പരീക്ഷയ്ക്ക് അതേപടി ചോദിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് യാദൃശ്ചികമല്ലെന്നും, എൻ.ടി.എ പാനലിലെ കെമിസ്ട്രി അധ്യാപകൻ പ്രൊഫ. പി.വി. കുൽക്കർണിക്ക് 5 ലക്ഷം രൂപ കൈക്കൂലി നൽകി പരീക്ഷയ്ക്ക് 10 ദിവസം മുൻപേ ചോദ്യങ്ങൾ ചോർത്തിയെടുക്കുകയായിരുന്നുവെന്നും സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.

To advertise here,

പരീക്ഷാ ക്രമക്കേട് വിഷയം ഉയർത്തി വിദ്യാർത്ഥികളും യുവജനസംഘടനകളും രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പ്രതിപക്ഷ പാർട്ടികളും ഏറ്റെടുത്തതോടെ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കേണ്ടിവന്നിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെൻറിലും നീറ്റ് വിഷയം ഉയർത്തി കേന്ദ്രത്തെ കടന്നാക്രമിച്ചു. ഇതിനിടെ, ശിവരാജ് മോട്ട്‌ഗാവ്കർ കോൺഗ്രസ്സുകാരനാണ് രാഹുൽ ഗാന്ധിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.

വൈറൽ പോസ്റ്റിലെ ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തപ്പോൾ ഇതേ ഫോട്ടോ സമാന അവകാശവാദത്തോടെ പലരും സമൂഹമാധ്യമ പ്ലാറ്റ്‍‌ഫോമുകളിൽ പങ്കുവച്ചതായി കണ്ടു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകൾ. ഈ വൈറൽ ചിത്രത്തിൽ കാണുന്ന രാഹുലിന്‍റെ രൂപത്തിൽനിന്നും ഇത് ഏതാനും വർഷങ്ങൾക്ക് മുൻപുള്ളതാണെന്ന് വ്യക്തമാണ്.

ഈചിത്രത്തിൽ സ്റ്റോക്ക് ഇമേജ് സൈറ്റായ ഗെറ്റി ഇമേജസിന്‍റെ വാട്ടർമാക്ക് കാണാം. ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ യഥാർത്ഥ ചിത്രം കണ്ടെത്തി. 2014 ഒക്ടോബർ 8ന് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇപ്രകാരമാണ് - “ഒക്ടോബർ 8-ന് ഇന്ത്യയിലെ ലാതൂരിലുള്ള ഔസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ, കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ലാതൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അമിത് വിലാസ്‌റാവു ദേശ്‌മുഖും അനുയായികളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന നിയമസഭയിലെ 288 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് 2014 ഒക്ടോബർ 15-ന് ഒറ്റഘട്ടമായി നടക്കും. (ചിത്രം: കുനാൽ പാട്ടീൽ/ഹിന്ദുസ്ഥാൻ ടൈംസ് വഴി ഗെറ്റി ഇമേജസ്)” .

വൈറൽ ചിത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഉള്ളത് ശിവരാജ് മോട്ട്‌ഗാവ്കർ അല്ല, മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും ലാതൂർ സിറ്റി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ അമിത് ദേശ്‌മുഖാണെന്ന് വ്യക്തമായി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വിലാസ്‌റാവു ദേശ്‌മുഖിന്റെ മകനാണ് ഇദ്ദേഹം. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.