വടകര എംപി ഷാഫി പറമ്പിലിനെതിരെ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് പാലക്കാട് വണ്ടാഴിയിലെ കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ചെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്നെഴുതിയ കുറിപ്പും പ്രചരിക്കുന്ന ദൃശ്യങ്ങളോടൊപ്പമുണ്ട്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാസർകോട് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പേജ് ഔദ്യോഗികമല്ലെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റ് പങ്കുവച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാസർകോട് ഫേസ്ബുക്ക് പേജ് പരിശോധിച്ചതിൽ അത് ഔദ്യോഗിക പേജല്ലെന്ന് കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്റിനു പുറമെ, മറ്റ് പലരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും അസഭ്യം പറഞ്ഞുമുള്ള പോസ്റ്റുകളും ഈ പേജിലുണ്ട്. ഒരു ഔദ്യോഗിക പേജിലൂടെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുക എന്നത് അസ്വാഭാവികമാണ്. തുടർന്ന് നടത്തിയ കീവേർഡ് പരിശോധനയിൽ കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കണ്ടെത്താനായി. വൈറൽ പേജ് വ്യാജമാണെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ നവംബർ 26-ന് ഇതിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അതിലെ വിവരങ്ങൾ താഴെ നൽകുന്നു.
ഔദ്യോഗിക അറിയിപ്പ്
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പേരിൽ പ്രചരിക്കുന്ന ഈ ഫേസ്ബുക്ക് പേജ് ഔദ്യോഗിക പേജല്ലെന്ന് അറിയിക്കുന്നു. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ് പാർട്ടിയുടെയും നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും അസഭ്യവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നതിനായി പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന ഈ വ്യാജ അക്കൗണ്ടുമായി യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിയുടെ പേരിൽ തെറ്റിദ്ധാരണ പരത്താനും സംഘടനയുടെ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വ്യാജ അക്കൗണ്ടിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകുന്നതാണ്.
കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പ്രസിഡന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷും അറിയിച്ചിട്ടുണ്ട്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. യൂത്ത് കോൺഗ്രസ്സ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിൽനിന്നാണ് ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ചെന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A viral video claimed Kasaragod Youth Congress sent condoms to MP Shafi Parambil., Mathrubhumi fact check revealed the Facebook page spreading the video is fake., Kasaragod Youth Congress district committee clarified they have no connection to the fake page and filed a police complaint.
Published: 28 Nov 2026, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented