പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. ഇതിനിടെ സമരത്തിനെതിരായി സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ്, സിഖ് സമുദായത്തിലെ സായുധ വിഭാഗമായ നിഹാംഗുകൾ സമരവേദിയിലെത്തി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു എന്നത്. ഈ ആരോപണത്തോടെ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സിജെപി സമരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യം. ഉത്തരാഖണ്ഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം -
“ ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ നിഹാംഗ് സിഖുകാർ പരസ്യമായി വാളെടുക്കുന്നത് കണ്ടു. വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതെന്നതെങ്കിൽ, എങ്ങനെയാണ് വ്യത്യസ്ത ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകൾ അവിടെ ഉണ്ടാകുന്നത്? എല്ലാ അക്രമങ്ങൾക്കും അഭിജീത് ദിപ്കെ ഉത്തരം പറയണം ”
നിഹാംഗ് വിഭാഗത്തിൽപ്പെടുന്നവർ (ആചാരത്തിന്‍റെ ഭാഗമായി 'കൃപാൺ' (പരമ്പരാഗത വാൾ) പോലുള്ള ആയുധങ്ങൾ ഇവരുടെ കൈവശം എപ്പോഴും കാണും) സമരസ്ഥലത്ത് എത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നതുപോലൊരു സംഭവം നടന്നതായി റിപ്പോർട്ടുകളില്ല. പ്രചരിക്കുന്ന വീഡിയോ വശദമായി പരിശോധിച്ചു. സായുധരായ നിഹാംഗുകൾ രാത്രിയിൽ ബാരിക്കേഡുകൾ മറികടന്ന് വരുന്നതാണ് ദൃശ്യങ്ങളിൽ. ബാരിക്കേഡിന് മറുവശം നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇതിലൊരു യുവാവ് വാൾഉയർത്തിക്കാണിക്കുന്നുമുണ്ട്. 48 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിൽ എവിടെയും സമരക്കാരെ കാണാനില്ല. ബാരിക്കേഡുകൾക്ക് ഇടയിലൂടെ കടന്ന് പോകുന്ന സിഖുകാരും അവിടെ വിന്യസിച്ചിരിക്കുന്ന പോലീസും സൈനികരും മാത്രമാണ് ദൃശ്യങ്ങളിൽ.
വീഡിയോയിൽ നിന്നും കീ ഫ്രെയിമുകളെടുത്ത് പരിശോധിച്ചു. ഇതിന്‍റെ തന്നെ കൂടുതൽ ക്ലാരിറ്റിയുള്ള ദൃശ്യങ്ങൾ കണ്ടെത്തി. നിഹാംഗുകൾ ഉത്തരാഖണ്ഡ് അതിർത്തിയിലൂടെ പ്രവേശിച്ചു എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
വിശദമായ അന്വേഷണത്തിൽ ഇക്കഴിഞ്ഞ ജൂൺ 25-ന് രാത്രിയിലായിരുന്നു ഈ സംഭവം എന്ന് കണ്ടെത്തി. ജൂൺ 16-ന് ഹേമകുണ്ഡ് സാഹിബ് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ നിഹാംഗുകളും കർണ്ണപ്രയാഗിലെ നാട്ടുകാരും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയും, തുടർന്ന് നാല് നിഹാംഗുകളെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ അറസ്റ്റ് ഏകപക്ഷീയമാണെന്ന് ആരോപിച്ച് നിഹാംഗ് വിഭാഗങ്ങൾ ജൂൺ 20-ന് നഗ്രാസു ഗുരുദ്വാരയിൽ സംഘടിച്ച് പ്രതിഷേധിക്കുകയും അറസ്റ്റിലായവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ജൂൺ 25 രാത്രി, മൊഹാലിയിൽ നിന്നെത്തിയ ഒരു സംഘം നിഹാംഗുകൾ ഹിമാചൽ-ഉത്തരാഖണ്ഡ് അതിർത്തിയിലെ കുൽഹാൽ ചെക്ക്‌പോസ്റ്റിലെ ബാരിക്കേഡുകൾ തകർത്ത് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ അതിർത്തിയിൽ സംഘർഷവും ഗതാഗതക്കുരുക്കും ഉണ്ടായി. ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും നിഹാംഗ് നേതാക്കളുമായി നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിൽ, കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുനൽകിയതിനെ തുടർന്ന് ജൂൺ 26 പുലർച്ചെയോടെ പ്രതിഷേധക്കാർ മടങ്ങാൻ സമ്മതിക്കുകയും പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 25ന് രാത്രി ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സിജെപി സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
Content Highlights: Viral video of Nihangs clashing with police is unrelated to the CJP student protest., The incident occurred at the Himachal-Uttarakhand border on June 25, 2026., The conflict stemmed from a dispute over parking and a subsequent arrest, not the CJP demonstration., Authorities confirmed the situation was resolved through negotiations on June 26, 2026., Misleading social media posts are deliberately linking unrelated events to incite controversy.
Published: 22 Jul 2026, 03:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented