നീറ്റ് ഉൾപ്പടെയുള്ള പരീക്ഷാക്രമക്കേട് വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരേ യാതൊരുവിധ പ്രതികാര നടപടികളോ കേസോ ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രിമാർ ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സിജെപി സമരം അവസാനിപ്പിച്ചത്. എന്നാൽ, ഈ ഉറപ്പ് ലംഘിക്കപ്പെട്ടു, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കും സമരത്തിൽ പങ്കെടുത്തവർക്കുമെതിരായി പോലീസ് നടപടി ആരംഭിച്ചു.

To advertise here,

ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാമെന്നും അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവുമിറക്കി. കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകിയ കാര്യം കേന്ദ്രം കോടതിയെ അറിയിച്ചിരുന്നില്ല. അതേസമയം, ജൂലായ് 25-നു നടന്ന ചർച്ചയിലെ തീരുമാന പ്രകാരം, എഫ്.ഐ.ആറുകൾ റദ്ദാക്കിയില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നാണ് സി.ജെ.പി. മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ ഒരു വീഡിയോ എക്സിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ പറയുന്നത് - “ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും. ഹിംസാത്മകമായി സമരം നടത്തിയ വിദ്യാർത്ഥികളെ ഒരിക്കലും മറക്കില്ല. നിലവിലെ സാഹചര്യം മെച്ചപ്പെട്ട ശേഷം ഈ കൂട്ടികളെ കണ്ടെത്തി, അവരും രക്ഷിതാക്കളും ഒരിക്കലും മറക്കാത്തതരത്തിൽ പാഠം പഠിപ്പിക്കും.” പാക് അനുകൂല ഹൻറിലുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നുമില്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ച വീഡിയോകൾ പരിശോധിച്ചു. ഇക്കഴിഞ്ഞ ജൂലൈ 26-ന് പങ്കുവച്ച പോസ്റ്റ് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന അതേ വസ്ത്രത്തിൽ ചിത്രീകരിച്ച വീഡിയോയാണിതിൽ. എന്നാൽ, ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളാകട്ടെ വൈറൽ ദൃശ്യങ്ങളിൽനിന്ന് വിഭിന്നവും.

പരീക്ഷാ പരിഷ്കാരത്തിന് ഉന്നതാധികാര സമിതിയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് മോദി വീഡിയോയിൽ സംസാരിക്കുന്നത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കാൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഇതിൽ പറയുന്നു. പരീക്ഷകളിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ചോദ്യപ്പേപ്പർ ചോർച്ചയും അട്ടിമറികളും തടയുന്നതിനുമുള്ള സമഗ്രമായ പരിഷ്കാരങ്ങൾ സമിതി നിർദ്ദേശിക്കും. ക്രമക്കേട് കാട്ടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികളും കർശന നിയമങ്ങളും നടപ്പിലാക്കുന്നതായും വീഡിയോയിൽ പ്രധാനമന്ത്രി പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഈ വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്ന് പരിശോധനയിൽ വ്യക്തമായി.

കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഈ പ്രചാരണം വ്യാജമാണെന്ന് ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇത്തരത്തിലൊരു പരാമർശവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആണെന്നുമാണ് പോസ്റ്റിൽ പറയുന്നത്.