മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്ന വാദത്തോടെയുള്ള സന്ദേശങ്ങൾ വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒട്ടേറെപ്പേർ ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. സമാന പ്രചാരണം കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്, ഇതിന്‍റെ യാഥാർത്ഥ്യം പക്ഷേ മറ്റൊന്നാണ്.

To advertise here,

അന്വേഷണം

മദ്രസ അധ്യാപകർക്ക് സർക്കാർ കോടികൾ ചെലവാക്കുന്നുവെന്ന ആരോപണവും അതിന്‍റെ വിശദാംശങ്ങളുമാണ് പ്രചരിക്കുന്ന സന്ദേശത്തിൻ്റെ ഉള്ളടക്കം. 2022ൽ സമാന സന്ദേശം പ്രചരിച്ചിരുന്നു. അന്ന് മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷണം നടത്തുകയും സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യ്തു. കേരളത്തിന്റെ ആകെ ജനസംഖ്യ, അതിൽ മുസ്ലിം മതവിശ്വാസികൾ എത്ര, മദ്രസകളുടെയും മദ്രസ അധ്യാപകരുടെയും എണ്ണവും അവർക്ക് സർക്കാർ നൽകുന്ന ശമ്പളത്തിൻ്റെ കണക്കുകൾ എന്ന പേരിൽ തെറ്റായ വിവരങ്ങളായിരുന്നു ആ സന്ദേശത്തിലത്രയും ഉണ്ടായിരുന്നത്.

യഥാർത്ഥത്തിൽ മദ്രസ അധ്യാപകർ സംസ്ഥാന സർക്കാർ ജീവനക്കാരല്ല. അവർ അതത് മതസംഘടനകളുടെയോ പ്രാദേശിക കമ്മിറ്റികളുടെയോ കീഴിലാണ് ജോലി ചെയ്യുന്നത്. അവരുടെ ശമ്പളം നിശ്ചയിക്കുന്നതും നൽകുന്നതും സർക്കാർ അല്ല, മറിച്ച് മദ്രസ മാനേജ്‌മെന്റുകളാണ്.

ഇത്തരം ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ എംഎൽഎമാരായ ടി വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവർ 2021 ജൂലൈ 28-ന് നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.

മദ്രസ അധ്യാപകർക്കായി സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. 60 വയസ്സ് തികഞ്ഞ അംഗങ്ങൾക്ക് ഈ ബോർഡാണ് പെൻഷൻ നൽകുന്നത്. ഓരോ ക്ഷേമനിധി അംഗങ്ങളും അവരുൾപ്പെടുന്ന മദ്രസ മാനേജ്മെന്റുകളും പ്രതിമാസ വിഹിതം ബോർഡിന് നൽകും. ഇത് സംസ്ഥാന ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ഇൻസെന്റീവ് ഉപയോഗിച്ചാണ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത്. 1500 രൂപയാണ് പെൻഷൻ തുക, 1200 പേർ ഇതിന്‍റെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കിയിരുന്നു.

 

 

 

മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ എന്ന പേരിലും സമാന സന്ദേശം പ്രചരിക്കുന്നു. എന്നാൽ പ്രചാരണം വ്യാജമാണെന്നും താൻ ഇത്തരത്തിലൊരു കാര്യം നിയമസഭയിൽ പറഞ്ഞിട്ടില്ലെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ഉറപ്പിച്ചു.

https://www.facebook.com/drkt.jaleel/posts/pfbid02Ci8DE7Gqe4Uh2EWGmUw8MjyBGWjWJYmy7QeYy7jqnRd4eJWNTBYpDM3N1dF19hJrl

വാസ്തവം

മദ്രസ അധ്യാപകർക്ക് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും നൽകുന്നുണ്ടെന്ന പ്രചാരണം വ്യാജമാണ്. സർക്കാർ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും മദ്രസ അധ്യാപകർക്ക് നൽകുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.