കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കേരളത്തിൽ ആദ്യമായി ബി.ജെ.പിക്ക് ഒരു നിയമസഭാ സീറ്റ് സമ്മാനിച്ച നേമം ഉൾക്കൊള്ളുന്ന തിരുവനന്തപുരത്തെ തങ്ങളുടെ 'എ' ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് ബി.ജെ.പി. ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെയാണ് മണ്ഡലം പിടിക്കാനായി ബി.ജെ.പി. കളത്തിലിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എതിരാളികളാകട്ടെ സിറ്റിംഗ് എം.പി. ശശി തരൂർ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ എന്നീ ശക്തരായ നേതാക്കളും
പോരാട്ടം കടുക്കുന്നതിനിടെ, ബി.ജെ.പി. സ്ഥാനാർഥി ഒരു പള്ളിയിൽ പ്രസംഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യൻ പള്ളിയിൽ ബി.ജെ.പി. രാഷ്ട്രീയ യോഗം നടത്തി എന്ന തരത്തിലാണിത്. എന്നാൽ, വൈറൽ വീഡിയോയിൽ കാണുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ യോഗമല്ല എന്നതാണ് യാഥാർത്ഥ്യം. വാസ്തവമെന്തെന്ന് ചുവടെ വായിക്കാം.

അന്വേഷണം
പ്രചാരത്തിലുള്ള വീഡിയോയിൽ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിൽ നിന്നും ഈയിടെ നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായി. തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു. പള്ളിയിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'തിരുവനന്തപുരം സി.എസ്.ഐ നേതൃയോഗത്തിൽ വികസനം, പുരോഗതി, നിക്ഷേപം, തൊഴിൽ, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള എന്റെ തെരെഞ്ഞെടുപ്പ് ആശയങ്ങൾ പങ്കുവെച്ചു' എന്ന തലക്കെട്ടോടെയാണ് പരിപാടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽനിന്നും അദ്ദേഹം പങ്കെടുത്ത ചടങ്ങ് സി.എസ്.ഐ. സഭാ നേതൃയോഗമാണ് എന്ന് വ്യക്തമായി. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
സി.എസ്.ഐ. നേതൃയോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് ചില വാർത്തകൾ ലഭ്യമായി. യോഗത്തിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജും സംസാരിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് മാതൃഭൂമി.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സി.എസ്.ഐ. സഭ മഹായിടവക ആസ്ഥാനത്തുവച്ച് തിരുവനന്തപുരത്തെ സ്ഥാനാർഥികൾക്ക് ഇടവകാംഗങ്ങളുമായി സംവദിക്കാൻ അവസരം ഒരുക്കിയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
സി.എസ്.ഐ. നേതൃയോഗത്തെ കുറിച്ച് മാതുഭൂമി നൽകിയ വാർത്തയുടെ ലിങ്ക്:
https://www.mathrubhumi.com/election/lok-sabha-2024/kerala-20-20/thiruvananthapuram/pc-georges-assurance-csi-church-secretary-save-from-fear-of-enforcement-directorate-1.9462020
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.എസ്.ഐ. പരിപാടിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വീഡിയോ ലഭ്യമായി. രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പരിപാടിയിൽ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. വീഡിയോ ചുവടെ കാണാം.
സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തത്. ഇടവകയുടെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായ പ്രവീൺ ടി.ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഈ വീഡിയോയിലെ ഭാഗം കട്ട് ചെയ്ത് എടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽനിന്നും ക്രിസ്ത്യൻ പള്ളിയിൽ ബി.ജെ.പി. രാഷ്ട്രീയ യോഗം നടക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വീഡിയോ സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിന്റെതാണെന്ന് വ്യക്തമായി.
വാസ്തവം
ക്രിസ്ത്യൻ പള്ളിയിൽ ബി.ജെപി. രാഷ്ട്രീയ യോഗം ചേർന്നുവെന്ന പ്രചാരണം വ്യാജമാണ്. തിരുവനന്തപുരത്ത് നടന്ന സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ കൂടാതെ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്നു ജനവിധി തേടുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക് )
Content Highlights: BJP hold political meeting in Christian Church is a false news
Published: 09 Apr 2024, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented