പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും നിലംപരിശാക്കി ബിജെപി ചരിത്രവിജയമാണ് കൈവരിച്ചത്. 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി 206 സീറ്റുകൾ സംസ്ഥാനത്ത് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ബിജെപി പ്രവർത്തകർ കൊൽക്കത്തയിലെ ഹൗറ പാലത്തിൽ "ജയ് ശ്രീറാം" വിളികളോടെ വിജയാഘോഷം നടത്തി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും പ്രചരിക്കുകയുണ്ടായി. എന്നാൽ ഇതിന്‍റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

ഫലപ്രഖ്യാപന ശേഷം നടന്ന ആഘോഷ പ്രകടനം എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം. എന്നാൽ, ഫലപ്രഖ്യപനദിനത്തോട് അനുബന്ധിച്ച് കൊൽക്കത്തയിൽ ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായി വിജയാഘോഷ പ്രകടനങ്ങൾക്കും റാലികൾക്കും പോലീസ് നിരോധം ഏർപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിൽ വൈറൽ വീഡിയോയിൽ കാണുന്നതുപോലെ ഒരു ആഘോഷം നടന്നിരുന്നെങ്കിൽ ഉറപ്പായും അത് വാർത്തയായെനെ.

തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. പൂനെ മിറർ, ടൈംസ് നൗ നവഭാരത്, ന്യൂസ് 18 ഇന്ത്യ തുടങ്ങിയ മാധ്യമങ്ങൾ ഈ വീഡിയോ കൊൽക്കത്തയിൽ നടന്ന ബിജെപി വിജയാഘോഷത്തിന്റേതെന്ന അവകാശവാദത്തോടെ നൽകിയതായി കണ്ടു. എന്നാൽ, ഇതേ വീഡിയോ ഏതാനും മാസങ്ങൾക്ക് മുൻപേ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാർച്ച് 9-ന് @irameshwaraya എന്ന ഇൻസ്റ്റ ഹാൻറിലിൽനിന്നു ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനും ആഴ്ചകൾക്കു മുൻപുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് ഇതിൽനിന്നു വ്യക്തമാണ്.

വിശദമായ പരിശോധനയിൽ കൊൽക്കത്തയിലെ ബഗ്ല കുടുംബം വർഷങ്ങളായി നടത്തിവരുന്ന 'റോൾസ് റോയ്‌സ് ഹോളി' ആഘോഷത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. ഈ ആഘോഷത്തിന്റെ 141-ാം വാർഷികമായിരുന്നു ഈ വർഷം നടന്നത്. ഹൗറയിലെ സത്യനാരായണ ക്ഷേത്രത്തിൽനിന്ന് തുടങ്ങി ഹൗറ പാലം വഴി ബുറാബസാർ വരെയാണ് ഈ ഘോഷയാത്ര നടക്കാറ്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഹൗറ പാലത്തിൽ നടന്ന 'റോൾസ് റോയ്‌സ് ഹോളി' ആഘോഷത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.