ഓട്ടോറിക്ഷ ഉടമസ്ഥരുടെയും തൊഴിലാളികളുടെയും ചങ്കിൽ തീപിടിപ്പിക്കുന്ന തരത്തിലൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് 400-ൽനിന്ന് 4300 ആക്കി വർധിപ്പിച്ചു എന്നാണ് അവകാശവാദം. പോസ്റ്റർ രൂപത്തിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാന സർക്കാർ ആണ് ഫീസ് വർധിപ്പിച്ചതെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ഇത് ഓർക്കണം എന്ന തരത്തിലുമുള്ള വിവരണങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
ഓട്ടോറിക്ഷയുടെ പെർമിറ്റ് പുതുക്കാനുള്ള നിരക്ക് 400 രൂപയിൽനിന്ന് 4300 ആക്കി എന്നാണ് പ്രചാരണം. അതായത് പത്തിരട്ടിയിലേറെ വർധന. എന്നാൽ, ഇത്തരത്തിലൊരു വർധനയുണ്ടായതായി മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും പെർമിറ്റ് പുതുക്കാൻ ആകെ 360 രൂപ മാത്രമാണ് ഫീസ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിന് തെളിവായി ഈ ഏപ്രിൽ നാലിന് ഓട്ടോ പെർമിറ്റ് പുതുക്കിയതിന് പണം അടച്ച രസീതും ലഭിച്ചു. 360 രൂപയാണ് ഇതിനായി ഈടാക്കിയതെന്നാണ് രസീതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 300 രൂപ പെർമിറ്റ് ചാർജും 60 രൂപ സർവീസ് ചാർജുമാണ്.

തുടർന്നുള്ള പരിശോധനയിൽ, വാഹനങ്ങളുടെ റീ രജിസ്ട്രേഷനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുമുള്ള ഫീസ് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിച്ചു. 2021, 2022 വർഷങ്ങളിലായി പ്രസിദ്ധീകരിച്ച വർത്തകളാണിത്. വാർത്തകൾ പ്രകാരം, ഓട്ടോറിക്ഷകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 400 രൂപയായിരുന്നത് 4300 രൂപയായും റീ രജിസ്ട്രേഷൻ 600 രൂപയിൽനിന്ന് 2500 ആയും വർധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരാണ് ഫിറ്റ്‌നസ്, റീ രജിസ്ട്രേഷൻ ഫീസ് തീരുമാനിക്കുന്നത്. അന്വേഷണത്തിൽ, 2021 ഒക്ടോബർ നാലിന് ഇതുമായി ബന്ധപ്പെട്ട് ഒരു ഗസറ്റ് നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇറക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. വാർത്തകളിൽ പറഞ്ഞിരിക്കുന്ന നിരക്ക് തന്നെയാണ് ഈ നോട്ടിഫിക്കേഷനിലും ഉള്ളത്. 15 വർഷം കഴിഞ്ഞ വണ്ടികൾക്ക് മാത്രമാണ് ഇത് ബാധമാകുന്നത്. ഇക്കാര്യം പ്രത്യേക വാർത്താകുറിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇറക്കിയ വാർത്താ കുറിപ്പിന്റെ ലിങ്ക്: https://pib.gov.in/PressReleaseIframePage.aspx?PRID=1816540
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫീസ് വർധനയുടെ ബന്ധപ്പെട്ട് മാതൃഭൂമി നൽകിയ വാർത്തയുടെ ലിങ്ക്: https://www.mathrubhumi.com/auto/news/ten-times-increase-in-vehicle-re-registration-and-fitness-fees-mvd-service-fee-increased-1.7378159
നോട്ടിഫിക്കേഷനിലെ വിവരമനുസരിച്ച് 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വേണ്ട ടെസ്റ്റ് നടത്താനായി 800 രൂപയും സർട്ടിഫിക്കറ്റ് ലഭിക്കാനായി 3500 രൂപയും ആണ് ഫീസ്. ഇതിന്റെ ആകെ തുകയാണ് 4300 രൂപ. മാത്രമല്ല, റീ രജിസ്ട്രേഷൻ നടത്താൻ വൈകിയാൽ വൈകുന്ന ഓരോ മാസം 300 രൂപ വീതവും ഫിറ്റ്‌നസ് പുതുക്കാൻ വൈകിയാൽ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതവും പിഴ ഈടാക്കണം എന്നും ഈ നോട്ടിഫിക്കേഷനിലുണ്ട്.


ഗസറ്റ് നോട്ടിഫിക്കേഷന്റെ ലിങ്ക്: https://morth.nic.in/sites/default/files/notifications_document/Revision%20of%20Fee%20714.pdf
കൂടുതൽ വിവരങ്ങൾക്ക് വിവിധ ആർ.ടി.ഒമാരുമായും മോട്ടോർ വാഹന ഇൻസ്പെക്ടർ മാരുമായും ബന്ധപ്പെട്ടു. 2021- ൽ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല എന്ന് ഇവർ അറിയിച്ചു. ഇപ്പോഴും പഴയ ഫീസ് തന്നെയാണ് കേരളത്തിൽ ഈടാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 660 രൂപയും റീ രജിസ്‌ട്രേഷന് 800 രൂപയോളവുമാണ് ഇപ്പോഴത്തെ നിരക്ക്.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, റീ രജിസ്ട്രേഷൻ എന്നിവയ്ക്ക് പഴയ ഫീസ് ഈടാക്കിയാൽ മതി എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവും അന്വേഷണത്തിൽ ലഭിച്ചു. കേരള ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമുള്ളതാണ് ഈ ഉത്തരവ്. കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷനെതിരെ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുകയാണെന്നും അന്തിമ വിധി വരുന്നതുവരെ മുൻ നിശ്ചയിച്ച ഫീസ് പ്രകാരം അപേക്ഷകൾ സ്വീകരിക്കണം എന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

ട്രാൻസ്പോർട് കമ്മീഷണറുടെ ഉത്തരവിന്റെ ലിങ്ക്. ഇതിൽ ഹൈക്കോടതി ഉത്തരവും ലഭ്യമാണ്:
https://mvd.kerala.gov.in/en/node/1442
വാസ്തവം
ഓട്ടോറിക്ഷകളുടെ പെർമിറ്റ് ഫീസ് 4300 രൂപയാക്കി എന്ന പ്രചാരണം വ്യാജമാണ്. 360 രൂപയാണ് പെർമിറ്റിന് ഇപ്പോഴും ഫീസ്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 4300 രൂപയായി കേന്ദ്ര സർക്കാർ 2021-ൽ വർധിപ്പിച്ചിരുന്നു. എന്നാൽ ഇതുവരേയും ഇത് കേരളത്തിൽ നടപ്പായിട്ടില്ല.
Content Highlights: It is claimed that the autorickshaw permit renewal fee has been increased from Rs 400 to Rs 4300
Published: 05 Apr 2024, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented