തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ച സാഹചര്യത്തിൽ, ഇദ്ദേഹം നടൻ രജനികാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടൻ രജനികാന്തുമായുള്ള തന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. രജനീകാന്തുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം തന്‍റെ ഗുരുസ്ഥാനീയനാണെന്നും അണ്ണാമലൈ പറയുന്നതാണ് ദൃശ്യങ്ങളിൽ.
സമാനമായി മറ്റൊരു പോസ്റ്ററും പ്രചരിക്കുന്നുണ്ട്. ‘താൻ രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയാണെങ്കിൽ രജനീകാന്ത് പിന്തുണ നൽകുമെന്നും തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ രജനി മത്സരിക്കും’ എന്നും അണ്ണാമലൈ അവകാശപ്പെട്ടതായാണ് പോസ്റ്റിൽ. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. "ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ സംസാരിക്കാം" എന്നാണ് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊട്ടടുത്ത ദിവസം പാർട്ടി ദേശീയാധ്യക്ഷന് രാജിക്കത്തും നൽകി. രജനികാന്തുമായി ചേർന്ന് രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതിനെക്കുറിച്ച് നിലവിൽ അണ്ണാമലൈ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
അണ്ണാമലൈയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ പരിശോധിച്ചതിൽനിന്നു 2025 സെപ്റ്റംബർ 23-ന് ഇതേ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതായി കണ്ടെത്തി. ‘ഞാൻ അദ്ദേഹത്തെ ഗുരുവിനെ പോലെയാണ് കാണുന്നത്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയിലെ പോയസ് ഗാർഡനിൽ ബിജെപി നേതാവ് രാധിക ശരത്കുമാറിന്റെ വസതിയിലെ സന്ദർശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമർശം. തീയ്യതിയുടെ അടിസ്ഥാനത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാണ്.
തലൈവരെക്കുറിച്ച് അണ്ണാമലൈ നടത്തിയ ഈ പ്രതികരണം മറ്റ് വാർത്ത മാധ്യമങ്ങളും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. രജനികാന്തുമായി താൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങളില്ലെന്നും രാഷ്ട്രീയ സഖ്യ നീക്കമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും അന്ന് അണ്ണാമലൈ പ്രത്യേകം പറഞ്ഞിരുന്നു.
വൈറൽ പോസ്റ്ററിലേക്ക് വന്നാൽ, ഇതിൽ പറയുന്നതുപോലെ ഒരു പ്രതികരണം അണ്ണാമലൈയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ‘തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ രജനി മത്സരിക്കും’ എന്ന് അണ്ണാമലൈ പറഞ്ഞതായി പോസ്റ്റിലുണ്ട്. എന്നാൽ, 1951-ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഒരാൾക്ക് നാല് മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കില്ല. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി രണ്ട് മണ്ഡലങ്ങളിൽ മാത്രമേ ഒരേസമയം ജനവിധി തേടാൻ അനുവാദമുള്ളൂ.
വാസ്തവം
അണ്ണാമലൈയും രജനികാന്തും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോ ഒരു വർഷം മുൻപുള്ളത്.
Content Highlights: Clarifies that the viral video of Annamalai and Rajinikanth is from September 2025., Confirms Annamalai has not announced any new political party with the actor., Debunks the claim regarding Rajinikanth contesting from four constituencies., Explains legal constraints on contesting multiple seats under election laws.
Published: 04 Jun 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented