നിയമനടപടി സ്വീകരിക്കും -പഞ്ചായത്ത്
പെരുമ്പാവൂർ : പെരുമാനിയിൽ തീപ്പിടിത്തമുണ്ടായ ഗ്രീൻ ഇവോ ടെക് വേസ്റ്റ് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി എന്ന സ്ഥാപനം പ്രവർത്തിച്ചത് പഞ്ചായത്തിന്റെ ലൈസൻസില്ലാതെ. സ്ഥാപനത്തിനെതിരേ നാട്ടുകാരുടെ പരാതിയും ഉണ്ടായിരുന്നു.
സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും ഇത് അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നുവെന്നും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമീദാ ഷരീഫും വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദും അറിയിച്ചു. കഴിഞ്ഞ 17-ന് പഞ്ചായത്തിൽ സ്ഥാപനത്തിനെതിരേ പരാതി ലഭിച്ചിരുന്നു. കെ-സ്വിഫ്റ്റ് മുഖേനയാണ് സ്ഥാപനം ലൈസൻസ് സമ്പാദിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 23-ന് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. അപാകങ്ങൾ പരിഹരിച്ച് സ്ഥാപനം വൃത്തിയായും ചട്ടങ്ങൾ പാലിച്ചും പ്രവർത്തിപ്പിക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചു. ഇതുസംബന്ധിച്ച് മാർച്ച് 17-ന് പഞ്ചായത്ത് സെക്രട്ടറി കത്തും നോട്ടീസും നൽകിയിരുന്നു. നിർദേശങ്ങൾ പാലിക്കാത്തതിനേത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് 17-ന് സ്ഥാപനം പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തീപ്പിടിത്തമുണ്ടായ സാഹചര്യത്തിൽ പ്രദേശവാസികൾക്കുണ്ടായ ദുരിതം കണക്കിലെടുത്ത് ഗോഡൗൺ ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.
തീപ്പിടിത്തത്തിൽ ദുരൂഹത
: പഞ്ചായത്ത് അടച്ചുപൂട്ടാൻ നിർദേശിച്ചതിനുപിന്നാലെ മാലിന്യം നീക്കംചെയ്യുന്നതിന് കമ്പനിക്ക് 15 വരെ സാവകാശം അനുവദിച്ചിരുന്നു. ഇതിനിടെയുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പരിസരവാസികൾ പറയുന്നു. തീപ്പിടിത്തമുണ്ടായ ഉടനെ സ്ഥാപനത്തിലെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ വസ്ത്രങ്ങളും മറ്റുമെടുത്ത് പുറത്തുകടന്നിരുന്നു. ഉടമയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരോ സ്ഥലത്തുണ്ടായിരുന്നില്ല. 5000 ചതുരശ്ര അടി വലുപ്പത്തിലുളള കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്ന 75 സെന്റിലാണ് അനധികൃതമായി 22,000 അടിയോളം വലുപ്പത്തിൽ കെട്ടിടം നിർമിച്ചത്. വർഷങ്ങൾക്കുമുൻപ് വെനീർ യൂണിറ്റായി തുടങ്ങിയ സ്ഥാപനം പിന്നീട് സ്റ്റീൽ ഫർണിച്ചർ നിർമാണ യൂണിറ്റായി മാറി.
കഴിഞ്ഞ ജനുവരിയിലാണ് പ്ലാസ്റ്റിക് സംഭരണകേന്ദ്രം തുടങ്ങിയത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിയുടെ ഉടമസ്ഥതയിലുളള ഗോഡൗൺ തിരുവനന്തപുരം സ്വദേശി വാടകയ്ക്കെടുത്താണ് സ്ഥാപനം നടത്തിയിരുന്നത്. ഗോഡൗണിലേക്ക് ലോറിയിൽ ആശുപത്രി മാലിന്യമുൾപ്പെടെ എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് മാസങ്ങൾക്കുമുൻപ് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. മറ്റു ജില്ലകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ ശേഖരിwൈച്ച് തരംതിരിക്കുന്ന ജോലികളാണ് ഗോഡൗണിൽ നടന്നിരുന്നതെന്ന് പറയുന്നു. അഗ്നിരക്ഷാ സേന, മലിനീകരണ നിയന്ത്രണബോർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഒരു വകുപ്പിന്റെയും അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
അണയാത്ത ആശങ്ക
: പരിസരമാകെ പുക പടർന്നതിനാൽ രോഗികളും വയോധികരുമായ സമീപവാസികളോട് തത്കാലം മാറിത്താമസിക്കാൻ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. സ്ഥാപനത്തിന്റെ 200 മീറ്റർ ചുറ്റളവിൽ വീടുകളുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പുക ഉയരുന്നതിനാൽ വരും ദിവസങ്ങളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തീ പൂർണമായും അണയ്ക്കുന്നതിനൊപ്പം മാലിന്യങ്ങൾ ഇവിടെനിന്ന് നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സ്ഥാപനത്തിനു സമീപമാണ് പഞ്ചായത്തിലെ പകുതിയോളം പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പിരിയൻകുളം കുടിവെള്ള പദ്ധതി. അറയ്ക്കപ്പടി-മംഗലത്തുനട റോഡിൽ പെരുമാനി ജങ്ഷനുമുൻപ് റോഡരികിലാണ് സ്ഥാപനം.
Published: 13 Oct 2026, 02:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented