ചേരാനല്ലൂർ : കണ്ടെയ്‌നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.

To advertise here,

സി.പി.എം. ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണംകുളത്തു നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്‌റ്റേഷനു സമീപത്തുവെച്ച് പോലീസ് തടഞ്ഞു. പ്രതിഷേധയോഗം സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ സെക്രട്ടറി സി. മണി, ജില്ലാ കമ്മിറ്റിയംഗം കെ.വി. മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.വി. പ്രവീൺ, അമൽ സോഹൻ, ലോക്കൽ സെക്രട്ടറി പി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.

കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായതായി ആരോപിച്ച എ.ഐ.വൈ.എഫ്., അതിനു ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റോക്കി ജിബിൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം ടി.സി. സൻജിത്ത്, വി.എസ്. സുനിൽകുമാർ, കെ.പി. ഷിജു, മനുരാജ്, ഋഷികേശ്, പി.ജെ. ജോർജ്, ഷമീർ പീറ്റർ, സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിനു ഐക്യദാർഢ്യവുമായി എസ്.ഡി.പി.ഐ. പ്രവർത്തകർ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലെത്തി. കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും എല്ലാ നിയമസഹായങ്ങളും പിന്തുണയും നൽകുമെന്നും ജില്ലാ സെക്രട്ടറി ഷമീർ മാഞ്ഞാലി, സെക്രട്ടറി എൻ.കെ. നൗഷാദ്, മീഡിയ ഇൻ ചാർജ് ഷിഹാബ് പടന്നാട്ട് എന്നിവർ പറഞ്ഞു.