കൊച്ചി : കേൾക്കാൻ ശേഷിയില്ലാത്ത, സംസാരിക്കാൻ ത്രാണിയില്ലാത്ത കുഞ്ഞുങ്ങളായിരുന്നു അവർ. ഇപ്പോൾ അവർക്ക് കേൾക്കാനും ഉരിയാടാനും കഴിയും. ‘കാതോട് കാതോര’ ത്തിലൂടെ ശബ്ദത്തിന്റെ അനുഗ്രഹലോകത്തേക്ക് ചുവടുവെച്ച ആ കുഞ്ഞുങ്ങളെ സാക്ഷിയാക്കി മമ്മൂട്ടി ആ മനോഹര പദം കുറിച്ചു....'അമ്മ'!.

To advertise here,

രാജഗിരി ആശുപത്രിയും, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുഞ്ഞുങ്ങളുടെ സംഗമത്തിൽ അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയനടൻ എത്തിയത്.

പദ്ധതിയിൽ ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞ ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ ആഞ്ചലോ മുതൽ കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖ് വരെയുള്ളവർ അവിടെ എത്തിയിരുന്നു. താരത്തിന്റെ വരവ് കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘാടകർക്കും ഇരട്ടിമധുരമായി. കുഞ്ഞുങ്ങളോട് കുശലം ചോദിച്ചും, അവരെ ചേർത്തുപിടിച്ച് ഫോട്ടോകളെടുത്തും രണ്ട് മണിക്കൂറിലേറെ സമയം മമ്മൂട്ടി അവർക്കൊപ്പം ചെലവിട്ടു.

വാക്കുകൾ അന്യമായിരുന്ന കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആനയിച്ചുകൊണ്ട് അവരുടെ സ്ലേറ്റുകളിൽ മമ്മൂട്ടി തന്നെ 'അമ്മ' എന്ന് എഴുതിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കി എത്തിച്ച ബിരിയാണി മമ്മൂട്ടി തന്നെ വിളമ്പി നൽകി. കൈനിറയെ സമ്മാനങ്ങൾ കൊടുത്താണ് പ്രിയതാരം അവരെ യാത്രയാക്കിയത്. ചടങ്ങിൽ രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, രാജഗിരി ആശുപത്രി ഇ.എൻ.ടി. ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു, ഇംപ്ലാന്റ് സർജൻ ഡോ. സജിത്ത് അബ്രഹാം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് എസ്., രാജഗിരി ഡയറക്ടർ ഡോ. വി.എ. ജോസഫ് എന്നിവർ പങ്കെടുത്തു.