തൃപ്പൂണിത്തുറ : സ്വകാര്യ ബസുകാരുടെ അപകടകരമായ ഡ്രൈവിങ്, ലൈസൻസില്ലാതെ ബസ് ഓടിക്കൽ തുടങ്ങിയവ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി.

To advertise here,

ഹിൽപ്പാലസ് പോലീസ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ അഞ്ച് ബസുകൾ പിടികൂടുകയും പോലീസ് കേസെടുക്കുകയും ചെയ്തു. അപകടകരമാംവിധമുള്ള ഡ്രൈവിങ് കൂടാതെ ബസിന്റെ വാതിലുകൾ അടയ്ക്കാതെയുള്ള യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബസുകൾ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. അഞ്ച് കേസുകളുമെടുത്തിട്ടുണ്ട്.

എറണാകുളത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തെ തുടർന്നാണ് സ്വകാര്യ ബസുകൾക്കെതിരേ അധികൃതർ നടപടി തുടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പധികൃതർ സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയിരുന്നു. രണ്ട് സ്ക്വാഡുകളായിട്ടായിരുന്നു ഇത്.

പരിശോധന നടക്കുമ്പോഴും തൃപ്പൂണിത്തുറ-പൂത്തോട്ട റോഡിലൂടെ സ്വകാര്യ ലിമിറ്റഡ് ബസുകൾ മരണപ്പാച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടകരമാംവിധമാണ് ഈ റോഡിലൂടെ എൽ.എസ്. ബസുകൾ ചീറിപ്പായുന്നത്. പോലീസ് പരിശോധനയൊന്നും ഈ റൂട്ടിൽ ഉണ്ടാകാറില്ലാത്തതാണ് ബസുകാരുടെ മത്സര ഓട്ടത്തിനും മരണപ്പാച്ചിലിനും കാരണമെന്ന് ആക്ഷേപമുണ്ട്.