കൊച്ചി : “കഥ പറഞ്ഞവരൊക്കെ മാഞ്ഞുപോകും, കഥമാത്രം ബാക്കിയാകും...” പ്രിയരാജ് ആ വാചകം പറയുമ്പോൾ അവരെല്ലാം ഒന്നുചേർന്ന് കീപാഡിൽ വിരൽ തൊട്ടു. ആ നേരം മുന്നിലെ സ്ക്രീനിൽ ആ ടൈറ്റിൽ തെളിഞ്ഞു, ‘ഒരു കഥയുണ്ട്, കുറത്തി രാമായണം.’ പിന്നെ പ്രിയമാർന്നൊരു ഗാനം പോലെ ആ മ്യൂസിക് വീഡിയോ അവരുടെയെല്ലാം മനസ്സിലേക്ക് പടർന്നു....
കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കൊരു സമ്മാനമായിട്ടാണ് ‘മാതൃഭൂമി’ ഡോട്ട് കോമും ‘മാതൃഭൂമി’ ബുക്സും ചേർന്നൊരുക്കിയ ‘ഒരു കഥയുണ്ട്' കുറത്തി രാമായണം’ എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.
പഴയകാല നാടൻപാട്ട് രൂപമായ കുറത്തി രാമായണത്തെ ആധുനിക കാലത്തെ ഒരു സ്ത്രീയുടെ ഓർമ്മസഞ്ചാരമായി കോർത്തെടുക്കുന്നതാണ് ഈ മ്യൂസിക് വീഡിയോ.
‘മാതൃഭൂമി’ സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡ് പ്രിയരാജ് ഗോവിന്ദരാജ് ആശയവും സംവിധാനവും നിർവഹിച്ച മ്യൂസിക് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം പ്രധാനവേഷം അവതരിപ്പിക്കുന്നത് ‘മാതൃഭൂമി’ ക്ലബ് എഫ്.എം. ആർ.ജെ.യായ വിജിത വിജയകുമാറാണ്. അമൃത ശങ്കർ, സാൻഡ്ര, വി.എസ്. ശരത്, ശിശിര വിജയൻ, രാജൻ മഞ്ഞുമ്മൽ തുടങ്ങിയവരും വേഷമിട്ട മ്യൂസിക് വീഡിയോയ്ക്ക് ഈണം പകർന്നിരിക്കുന്നത് ജയദാസ് ഗോപാലാണ്. അരുൺ ശിവൻ ക്യാമറയും ജോയൽ കവി എഡിറ്റിങ്ങും ലൈജു ശ്രീവത്സൻ കലാസംവിധാനവും ശ്രീജിത്ത് ഡാസ്ലേഴ്സ് കോറിയോഗ്രഫിയും നിർവഹിച്ചു. ആലാപനം ഡോ. ബിനിത രഞ്ജിത്താണ്.
മലയാളത്തിന്റെ പ്രിയഗായകരായ ജ്യോത്സന, സയനോര, നിത്യാ മാമ്മൻ, സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, നരേഷ് അയ്യർ എന്നിവർ ചേർന്നാണിത് ലോഞ്ച് ചെയ്തത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് ഇന്ത്യൻ ഓപ്പറേഷൻസ് ഹെഡ് അനീഷ് വർഗീസ് ചടങ്ങിൽ പങ്കെടുത്തു.
കേരളപ്പിറവി ദിനംമുതൽ ഈ സംഗീതശില്പം നിങ്ങളുടെ കാതോരമെത്താൻ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യാം.
Published: 01 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented