കൊച്ചി : സൈബർ കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ ഉണ്ടാകുന്നതിനുമുൻപേ പ്രതിരോധം തീർക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 2027-ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ സൈബർ വിഭാഗം രൂപകല്പന ചെയ്ത 'ക്ലിക്ക്' (കമ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയുടെ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതാക്കുക എളുപ്പമല്ല. ഫലപ്രദമായ പ്രതിരോധത്തിലൂടെ ഒരു പരിധിവരെ അവ തടയാനാകും. സൈബർ കേസുകളെ നേരിടാൻ സൈബർ പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 250 ബിരുദ കോളേജുകളിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

To advertise here,

നടൻ മമ്മൂട്ടിയെ പോലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി മന്ത്രി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർഥികളെ മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ തൊപ്പി അണിയിച്ചു.

പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ്, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ, മേയർ വി.കെ. മിനിമോൾ, സൗത്ത് സോൺ ഐ.ജി. പി.പി. പ്രകാശ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആർ. നിശാന്തിനി, സൈബർ ഓപ്പറേഷൻസ് എസ്.പി. അങ്കിത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

 

കുട്ടികളുടെ കരച്ചിൽ മാറ്റാൻ ഫോൺകൊടുക്കുന്ന ശീലം നല്ലതല്ല - മമ്മൂട്ടി

കൊച്ചി : സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുട്ടികൾക്ക് ശരിയായ മാർഗനിർദേശം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. കേരള പോലീസിന്റെ സൈബർ കുറ്റങ്ങൾ തടയുന്നതിനുള്ള ‘ക്ലിക്ക്’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുട്ടികൾ വാശിപിടിക്കുമ്പോഴോ കരയുമ്പോഴോ അവരെ ആശ്വസിപ്പിക്കാൻ ഫോൺ എടുത്തുനൽകുന്ന മാതാപിതാക്കളുണ്ട്. ഫോൺ കൊടുത്തില്ലെങ്കിൽ കരച്ചിൽ നിർത്താത്ത കുട്ടികളുമുണ്ട്. വളരെ ചെറുപ്പത്തിലേ അതൊരു നല്ലശീലമാണെന്ന് എനിക്ക് തോന്നുന്നില്ല. കുട്ടികൾ അഡിക്റ്റഡായിപ്പോകും.'-മമ്മൂട്ടി ഓർമിപ്പിച്ചു.

മനുഷ്യന്റെ മനസ്സിൽ ചെകുത്താനും ദൈവവുമുണ്ടെന്നാണല്ലോ പറയപ്പെടുന്നത്. ചെകുത്താൻ ഉപയോഗിക്കുന്ന ഇന്റർനെറ്റാണ് നമുക്ക് ദോഷകരമാകുന്നത്. ദൈവം ഉപയോഗിക്കുന്ന ഇന്റർനെറ്റ് നമുക്ക് പ്രയോജനകരമാകുകയും ചെയ്യും.-നടൻ പറഞ്ഞു.

ഇപ്പോൾ നമ്മൾ ദിവസം ശരാശരി രണ്ടരമണിക്കൂർവരെ ഇന്റർനെറ്റിലായിരിക്കും. ജീവിതത്തിന്റെ പകുതി ഭാഗം പോലും കുറച്ച് കഴിയുമ്പോൾ ഇന്റർനെറ്റിലാകും.

ഫോണിലെ ഫീച്ചറുകളിൽ പത്തിലൊന്നുപോലും നമ്മൾ ഉപയോഗിക്കില്ല. പക്ഷേ അവ നമ്മെ ഉപയോഗിക്കുന്നുവെന്ന് നാം തിരിച്ചറിയണം. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗത്തിലൂടെ അതിന്റെ ദുരുപയോഗം തടയാൻ നമുക്ക് കഴിയണം. നിർമിതബുദ്ധിയുടെ കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

സൈബർ കുറ്റകൃത്യങ്ങളെ തിരിച്ചറിയാനും നേരിടാനും സമൂഹം പ്രാപ്തമാകണമെന്നും മമ്മൂട്ടി പറഞ്ഞു.