പ്രതിമ സ്ഥാപിക്കാൻ ഭരണകൂടത്തിന്റെ പിന്തുണ വേണം
തിരൂർ : ഭാഷാസ്നേഹികൾക്കുള്ള പ്രേരണാസ്രോതസ്സായി തുഞ്ചൻപറമ്പിനെ മാറ്റുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടുവെന്ന് സി. സദാനന്ദൻ എം.പി. തിരൂർ തുഞ്ചൻപറമ്പ് സന്ദർശിച്ചശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രപ്രാധാന്യമുള്ള ഇടമായി തുഞ്ചൻപറമ്പിനെ മാറ്റണം.
തുഞ്ചൻപറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ തിരൂർ നഗരസഭയും സംസ്ഥാനസർക്കാരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്റെ സ്‌മൃതിയായി കാണുന്ന കൃഷ്ണശിലാമണ്ഡപത്തിൽത്തന്നെ പ്രതിമ സ്ഥാപിക്കാൻ തങ്ങൾ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ, കെ. ജനചന്ദ്രൻ, രവി തേലത്ത്, കെ. ഗിരീഷ്‌കുമാർ, എം. പ്രതീഷ്, രമാ ഷാജി, വി. ഭരതൻ, രാജൻ അന്നാര, കെ.പി. പ്രദീപ്‌കുമാർ, മനോജ് പാറശ്ശേരി, എൻ. അനിൽകുമാർ, ശശി കറുകയിൽ, നിർമ്മല കുട്ടിക്കൃഷ്ണൻ, എൻ.വി. രവി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. തുഞ്ചന്റെ കൃതികൾ സമ്മാനിച്ച് സൂപ്രണ്ട് എം. രവീന്ദ്രൻ, ലൈബ്രേറിയൻ കമൽനാഥ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണം എന്ന തീട്ടൂരം അംഗീകരിക്കാനാവില്ല
സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്ന കാന്തപുരത്തിന്റെ തീട്ടൂരം അംഗീകരിക്കാനാകില്ലെന്ന് സി. സദാനന്ദൻ എം.പി. പറഞ്ഞു. തിരൂർ തുഞ്ചൻപറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ചത് ഇരട്ടത്താപ്പാണ്. വളരെ പ്രതീക്ഷയോടെയാണ് ജനം മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടത്. തിരുത്തിയപ്പോൾ പ്രതീക്ഷ തകർന്നു.
സമ്മർദത്തിനു വഴങ്ങി ആദർശാത്മക നിലപാട് മാറ്റിയെന്നും സ്ത്രീവിരുദ്ധത ശക്തിയുക്തം എതിർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാരികൾ പൂജിക്കപ്പെടുന്നിടങ്ങളിൽ ദേവതകൾ കുടികൊള്ളുമെന്നാണ് ഭാരതീയ സങ്കല്പമെന്നും സ്ത്രീവിരുദ്ധ നിലപാടിനെതിരേ വലിയ വിപ്ലവകാരികളെന്നു പറയുന്നവർപോലും പ്രതികരിക്കാത്തത് ദുരവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Published: 04 Sept 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented