അരൂർ : ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തടക്കം നിർമിക്കുന്ന കാനകളുടെ മേൽമൂടി തകരുന്നത് പതിവാകുന്നു.

To advertise here,

ചെറിയ ലോറി കയറിയാൽപോലും ഇവ പൊട്ടിത്തകരുകയാണ്. ഇത്തരത്തിൽ പൊട്ടുന്ന മേൽമൂടികൾക്കുള്ളിൽ ആവശ്യത്തിന് കമ്പി ഉപയോഗിച്ചിരുന്നതായി കാണുവാൻ സാധിക്കുന്നില്ല. മാത്രമല്ല, കമ്പികൾ നിലത്തുവെച്ച് അതിനുമുകളിൽ കോൺക്രീറ്റ് മിശ്രിതം നിറച്ചതിനാൽ മേൽമൂടികളുടെ മധ്യഭാഗത്തല്ല കമ്പികൾ കാണുന്നത്. ഇതും കമ്പികളിലെ കുറവും കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപുതന്നെ ഇവ കാനയ്ക്ക് മുകളിൽ സ്ഥാപിക്കുന്നതുമെല്ലാമാണ് തകർച്ചക്ക് കാരണമെന്നാണ് ഈ രംഗത്തുള്ള പ്രാദേശിക വിദഗ്ധർ പറയുന്നത്. സമയം, പണം എന്നിവ ലാഭിക്കുന്നതിനായി കരാർ കമ്പനി കാട്ടുന്ന തന്ത്രമാണിതിന് പിന്നിലെന്നാണ് ആക്ഷേപം.

ശനിയാഴ്ച എരമല്ലൂർ കൊച്ചുവെളിക്കവലക്ക് സമീപം മിനിലോറി കയറിയപ്പോൾ കാനയുടെ മേൽമൂടി തകർന്നു. ഇവിടെ കമ്പികളുടെ കുറവും അശാസ്ത്രീയ കോൺക്രീറ്റിങ്ങും നേരിൽ കാണാവുന്നതാണ്. ഇതിനോടുചേർന്നുള്ള സ്ലാബ് അഞ്ചുദിവസം മുൻപ് മിനിലോറി കയറി പൊട്ടിയിരുന്നു

. ചൊവ്വാഴ്ച തകർന്നത് മാൻഹോൾ വരുന്ന ഭാഗത്തെ സ്ലാബാണെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഇതോട് ചേർന്ന യഥാർഥ സ്ലാബാണ് പൊട്ടിയത്. ഇരുസംഭവങ്ങളിലും ലോറി കാനയിൽപെടാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഇതിനുമുൻപ് നടന്ന സംഭവങ്ങളിൽ കുടിവെള്ള ടാങ്കറും ലോഡ് കയറ്റിയ ടോറസ് ലോറിയും കാനയ്ക്കുള്ളിൽ അകപ്പെട്ടിരുന്നു.

മേൽമൂടിയുടെ ബലം സംബന്ധിച്ച് ആശങ്ക ഉയരുമ്പോൾ അരൂർ അമ്പലം ജങ്ഷനിലും വാഹനങ്ങൽ കടന്നുപോകുന്നയിടത്ത് മേൽമൂടികൾ പൊട്ടുന്നുണ്ട്. താത്കാലികമായി പ്ലാസ്റ്റിക് ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ ഇതിൽ കയറ്റാതെയാണ് നിലവിൽ വണ്ടികൾ കടന്നുപോകുന്നത്.

എന്നാൽ രാത്രിയായാൽ ഇവിടെ വെളിച്ചമില്ല. ആയിരക്കണക്കിന് വണ്ടികൾ നിത്യേന കടന്നുപോകുന്ന ഇവിടെ തകർന്ന മേൽമൂടികൾ മാറ്റാത്തത് അപകടസാധ്യത ഉയർത്തുന്നുണ്ട്. അമ്പലം ജങ്ഷനിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനായാണ് ദേശീയപാതയ്ക്കുസമീപം അരൂക്കുറ്റി റോഡിന് കുറുകേ കാന നിർമിച്ചത്.

നിർമാണം കഴിഞ്ഞ് അധികം താമസിയാതെ തകർന്ന ഒരു സ്ലാബ് നേരത്തേ മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിത്തുടങ്ങിയത്.