പൂണിത്തുറ : നവരാത്രി ആഘോഷങ്ങൾ ഞായറാഴ്ച തുടങ്ങും. അതിന്റെ ഭാഗമായി ഹൈന്ദവഭവനങ്ങളിലും മറ്റും ഭക്തിരസം പകർന്ന് ബൊമ്മക്കൊലു അലങ്കരിച്ചുവെച്ചുതുടങ്ങി. ഭക്തിയുടെ നിറക്കാഴ്ച കൂടിയാണിത്. നവരാത്രി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുർഗാദേവിയുടെ ഒൻപത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒൻപത് പടികളിൽ ദേവീദേവൻമാരുടെ രൂപങ്ങൾ വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നീ ഒറ്റ സംഖ്യകളിലാണ് പരമ്പരാഗതമായി പടികൾ ഒരുക്കുന്നത്.
സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരങ്ങൾ, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യൻ ശിവ-പാർവതി, ശ്രീകൃഷ്ണനും രാധയും കൂടാതെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട- കർഷകൻ, കച്ചവടക്കാരൻ, പാർക്ക്, ഗ്രാമീണ ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന ചെറു രൂപങ്ങളും ഉണ്ടാകും. ഓരോ പടികളിലും വ്യത്യസ്ത നിറങ്ങളിലുള്ള തുണികൾ വിരിച്ച്, പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചാണ് കൊലു ഒരുക്കിയിരിക്കുന്നത്. ദേവിയുടെ മുഖം ചാർത്തി, ആടയാഭരണങ്ങൾ അണിയിച്ചുള്ള പ്രധാന രൂപം തന്നെയാണ് ഏറ്റവും ആകർഷകം. ബൊമ്മക്കൊലു ഉത്സവത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് മാരപ്പാച്ചി പാവകൾക്കുള്ളതെന്ന് വസതിയിൽ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്ന പൂണിത്തുറ വടക്കത്തറവീട്ടിൽ ജ്യോതി ചന്ദ്രൻ പറയുന്നു.
പരമ്പരാഗതമായി ഇവ ചുവന്ന ചന്ദനം, ഈട്ടി, പട്ടുപരുത്തി മരം
അല്ലെങ്കിൽ കരിങ്ങാലി എന്നിവയിലാണ് ഉണ്ടാക്കുന്നത്. ജ്യോതി ചന്ദ്രൻ ഒരുക്കിയിട്ടുള്ള ബൊമ്മക്കൊലുവിൽ മനോഹരമായി മരപ്പാച്ചി പാവയും ഉണ്ട്.
ഒൻപതുദിവസവും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വീട്ടിലേക്ക് ക്ഷണിച്ച് പ്രസാദം നൽകുന്നതും കൊലുവിന്റെ ഭാഗമാണ്. വീടുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വെറ്റില, പാക്ക്, മഞ്ഞൾ, കുങ്കുമം, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ ' ‘താംബൂലം’ സമ്മാനമായി നൽകാറുമുണ്ട്.
ക്ഷേത്രങ്ങൾ ഒരുങ്ങി: നവരാത്രി ആഘോഷം ഇന്ന് തുടങ്ങും
തൃപ്പൂണിത്തുറ : തേവരക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 11 മുതൽ 21 വരെയായി നടക്കും. ദുർഗാഷ്ടമി ദിവസമായ 18-ന് വൈകീട്ട് 6.45-ന് പൂജവെപ്പ്. 20-ന് മഹാനവമി ആഘോഷിക്കും. 21-ന് രാവിലെ 8-ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഭക്തിഗാനസുധ, സംഗീതാർച്ചന, തിരുവാതിരകളി, സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേള, സോപാനസംഗീതം, ഭജന, ഭരതനാട്യം തുടങ്ങിയ പരിപാടികളുണ്ടാകും.
എരൂർ: കോടംകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലും നവരാത്രി ആഘോഷം 11 മുതൽ 21 വരെയായി നടക്കും. ദിവസവും രാവിലെയും വൈകീട്ടും പ്രത്യേകം സരസ്വതീപൂജ. ദുർഗാഷ്ടമി ദിവസമായ 18-ന് വൈകീട്ട് പൂജവെപ്പ്. മഹാനവമി ദിവസമായ 20-ന് ആയുധപൂജ, വിജയദശമി ദിവസമായ 21-ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും.
തൃപ്പൂണിത്തുറ: ശ്രീ വെങ്കടേശ്വര മന്ദിരത്തിൽ നവരാത്രി ഉത്സവം 11 മുതൽ 21 വരെയായി ആഘോഷിക്കും. 11-ന് വൈകീട്ട് 4.30-ന് ദീപക് ജോയ് എം.എൽ.എ. പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാഭ്യാസ പുരസ്കാരദാനം. വിവിധ ദിവസങ്ങളിലായി പാട്ടുകച്ചേരി, ഭജന, കോലാട്ടം, സംഗീതക്കച്ചേരി, മാൻഡൊലിൻ കച്ചേരി, തിരുവാതിരകളി, ഭക്തിഗാനമേള, വയലിൻ കച്ചേരി, നൃത്തസന്ധ്യ, ഭരതനാട്യം, യക്ഷഗാനം തുടങ്ങിയവയുണ്ട് ദുർഗാഷ്ടമി ദിവസമായ 18-ന് വൈകീട്ട് പൂജവെപ്പ്. വിജയദശമി ദിവസമായ 21-ന് രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും. വിഷ്ണു സഹസ്രനാമം, ലക്ഷ്മീശോഭാനം, 11-ന് മഹാപൂജ, 12-ന് പ്രസാദ ഊട്ട് തുടങ്ങിയവയുണ്ട്.
ഇരുമ്പനം : ഇരുമ്പനം വെട്ടിക്കാവ് ഭഗവതീക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഞായറാഴ്ച തുടങ്ങും. വൈകീട്ട് അഷ്ടപദി, ദേവീസ്തുതികൾ, ക്ലാസിക്കൽ നൃത്തം, തിരുവാതിരകളി, സെമി ക്ലാസിക്കൽ ഡാൻസ്. തിങ്കളാഴ്ച വൈകീട്ട് സംഗീതാർച്ചന, തിരുവാതിരകളി, ഭരതനാട്യം. ചൊവ്വാഴ്ച വൈകീട്ട് ഭജന, ദേവീ സ്തുതികൾ, ഭരതനാട്യം, കൈകൊട്ടിക്കളി, കോൽക്കളി. ബുധനാഴ്ച വൈകീട്ട് തിരുവാതിരകളി, കൈ കൊട്ടിക്കളി, ചിന്തുപാട്ട്. വ്യാഴാഴ്ച വൈകീട്ട് വീണക്കച്ചേരി, സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, തിരുവാതിരകളി.
വെള്ളിയാഴ്ച വൈകീട്ട് സംഗീതക്കച്ചേരി, തിരുവാതിരകളി, ഭരതനാട്യം, നൃത്തയോഗ.
ശനിയാഴ്ച വൈകീട്ട് ഭജന, തിരുവാതിരകളി. ഞായറാഴ്ച വൈകിട്ട് പൂജവെപ്പ്, അഷ്ടപദി കച്ചേരി, തിരുവാതിരകളി, നൃത്തസന്ധ്യ. തിങ്കളാഴ്ച വൈകീട്ട് ഭക്തി-ധ്യാന സത്സംഗം, തിരുവാതിരകളി, നൃത്ത നൃത്യങ്ങൾ, ഭരതനാട്യം, നൃത്തസന്ധ്യ. ചൊവ്വാഴ്ച വൈകീട്ട് ഭജന, തിരുവാതിരകളി, ക്ലാസിക്കൽ ഡാൻസ്. ബുധനാഴ്ച രാവിലെ 8.30-ന് പൂജയെടുപ്പ്, വിദ്യാരംഭം, 9-ന് സംഗീതാർച്ചന, 10.30-ന് നവരാത്രി ഊട്ട്.
Published: 11 Oct 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented