പെരുമ്പാവൂർ :ഓണംകുളം-ഊട്ടിമറ്റം റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വിമുഖത കാട്ടുന്നതായി ആക്ഷേപം. ഓണംകുളം മുതൽ ഊട്ടിമറ്റം വരെ എട്ട് മീറ്റർ വീതിയിൽ റോഡ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. 5.300 മീറ്റർ വീതിയിലാണ് ടാറിങ്ങിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കാനയും നിർമിക്കും.
ഓണംകുളം പാലായിക്കുന്ന് ഭാഗത്ത് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് സമീപവാസികളുമായി സംസാരിച്ച് ധാരണ ഉണ്ടാക്കിയതായി വാർഡംഗം അഡ്വ. ബേസിൽ കുര്യാക്കോസ് പറഞ്ഞു. ഇതുപ്രകാരം ശനിയാഴ്ച പണികൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പ് പിന്മാറുകയും പണികൾ നിർത്തിവെയ്ക്കുകയും ചെയ്തതുവെന്നാണ് ആരോപണം. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ തർക്കം ഉണ്ടായി. കൈവശമുള്ള സ്ഥലം വിട്ടുകൊടുക്കാമെന്ന് സ്ഥലം ഉടമ അറിയിച്ചുവെങ്കിലും കരാറുകാരന് നഷ്ടം ഉണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധത്തിനിടയാക്കി. ഈ ഭാഗത്ത് രണ്ട് ബസുകൾക്ക് സൈഡ് നൽകി പോകാൻ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം റോഡ് വീതി കൂട്ടുന്നതിന് പകരം കരാറുകാരന്റെ താത്പര്യം സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥർക്ക് തിടുക്കമെന്ന് റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ ശിവൻ കദളി, സന്തോഷ് വർഗീസ് എന്നിവർ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായി ബേസിൽ കുര്യാക്കോസ് അറിയിച്ചു. ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ നവകേരള സദസ്സിൽ അനുവദിച്ച റോഡ് പുനർനിർമാണ പദ്ധതി യു.ഡി.എഫ്. രാഷ്ടീയവത്കരിക്കുകയാണെന്ന് സി.പി.എം. അറയ്ക്കപ്പടി ലോക്കൽ സെക്രട്ടറി സി.പി. ഫൈസൽ ആരോപിച്ചു. ഓണംകുളം മുതൽ ഊട്ടിമറ്റം വരെ നാല് കിലോ മീറ്റർ റോഡ് എട്ടുകോടി രൂപ ചെലവിലാണ് പുനർനിർമിക്കുന്നത്.
Published: 16 Nov 2026, 01:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented