തിരൂരങ്ങാടി : കഴുത്തിന്റെ പിൻഭാഗത്ത് മുകളിൽനിന്ന് താഴേക്ക് വരുന്ന കറുത്തവര, കഴുത്തിലെ വെളുത്ത പാട്, ക്രീം കലർന്ന വെളുത്തനിറത്തിലുള്ള പിൻഭാഗം, താരതമ്യേന വലിയശരീരം, ആകർഷകമായ രീതിയിൽ ഉയർന്ന ശബ്ദത്തിൽ വിസിലടി പോലുള്ള കൂജനം (പക്ഷികളുടെ ശബ്ദം) തുടങ്ങിയ നിരവധി സവിശേഷതകളുള്ളതും അത്യപൂർവമായി കേരളത്തിൽ കണ്ടുവരുന്നതുമായ ‘ചെറുചൂളൻ എരണ്ട’(Lesser whistling duck) ഇനത്തിൽപ്പെട്ട പക്ഷിക്കൂട്ടങ്ങളെ നന്നമ്പ്ര ചെറുമുക്ക്‌ വെഞ്ചാലി വയലിലെ തണ്ണീർത്തടങ്ങളിൽ കണ്ടെത്തി.

To advertise here,

പക്ഷിനിരീക്ഷകനും തിരൂരങ്ങാടി പി.എസ്‌.എം.ഒ. കോളേജ്‌ അധ്യാപകനുമായ പി. കബീറലി, മലപ്പുറം ബേഡേഴ്സ് അംഗം ഫാത്തിമ സബീഹ എന്നിവർ വെഞ്ചാലി വയലിൽ നടത്തിയ നിരീക്ഷണത്തിനിടെയാണ്‌ പക്ഷികളെ കണ്ടെത്തിയത്‌. കൊല്ലം ജില്ലയിൽ ഇതിനുമുൻപ് ഇവയെ കണ്ടെത്തിയിരുന്നെന്നും പി. കബീറലി പറഞ്ഞു. ആസാം, മേഘാലയ, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രജനനം നടത്തുന്ന പക്ഷികൾ മൺസൂൺ കാലാവസ്ഥയിൽ കേരളത്തിലെത്തിയെന്നാണ്‌ കരുതുന്നത്‌. കേരളത്തിലെ തണ്ണീർത്തടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചെറുചൂളൻ എരണ്ടയുമായി (Lesser whistling duck) കാഴ്ചയിൽ സാദൃശ്യമുള്ളതിനാൽ പക്ഷി നിരീക്ഷകർക്ക് ഇവയെ തിരിച്ചറിയുന്നതിന്‌ ബുദ്ധിമുട്ടാണ്‌.

‘വലിയ ചൂളൻ എരണ്ടയ്ക്ക്’ നീലകലർന്ന ചാരനിറത്തിലുള്ള നീളമുള്ള തടിച്ച കാലുകളും അതിനോടുചേരുന്ന ചാരനിറത്തിലുള്ള കൊക്കുമാണുള്ളത്.

കാഴ്ചയിൽ ഒരുപോലെയാണെങ്കിലും ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ വലിപ്പം കൂടുതലാകും. ദേശാടനപ്പക്ഷികളായ ചെമ്പൻ, അരിവാൾകൊക്കൻ, വലിയവേലിത്തത്ത, നാകമോഹൻ, നാമക്കോഴി, വാലൻ താമരക്കോഴി, കരിതപ്പി തുടങ്ങിയ എൺപതോളം പക്ഷികളെ കഴിഞ്ഞ വർഷങ്ങളിൽ വെഞ്ചാലിയിൽ കണ്ടെത്തിയിരുന്നു. വെഞ്ചാലിയിലെ ജലാശയങ്ങളും അനുബന്ധ ആവാസവ്യവസ്ഥയും സമൃദ്ധമായ ആഹാരവും അഭയവും നൽകുന്നതിലാകാം വിദേശ ഇനങ്ങളും പ്രാദേശിക ഇനങ്ങളുമായ പക്ഷികൾ വെഞ്ചാലിയിൽ എത്തുന്നതെന്നാണ്‌ കരുതുന്നത്‌.