പിറവം : പിറവം -ഇലഞ്ഞി റോഡിൽ തേക്കുംമൂട്ടിൽപ്പടിയിലെ തകർന്ന കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ പിറവം പാലച്ചുവട് സെക്ടറിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡിലെ ഗതാഗത നിരോധനം വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ദുതിതമായി.
നിരോധനം സംബന്ധിച്ച് പിറവം ആശുപത്രിപ്പടിയിലും, പാലച്ചുവട്ടിലും മുളക്കുളം പള്ളിപ്പടിയിലും കല്ലുവെട്ടാം മടയിലും മുക്കട താഴത്തുമെല്ലാം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ കടന്നുവരുന്ന വാഹനങ്ങൾ ഇടുങ്ങിയ ഉൾനാടൻ പാതകളിൽ കുടുങ്ങി ദുരിതം ഇരട്ടിയാവുകയാണ്. സൂചനാ ബോർഡുകളിലെ വിവരങ്ങൾ മനസ്സിലാക്കാതെ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്.
ശബരിമല തീർഥാടകരുടേതടക്കമുള്ള ദീർഘദൂര വാഹനങ്ങളും, സ്വകാര്യ ബസുകളടക്കമുള്ള നൂറുകണക്കിന് മറ്റ് വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് പിറവം-ഇലഞ്ഞി റോഡ്. പിറവം തേക്കുംമൂട്ടിൽപ്പടിയിൽ സ്ലാബ് തകർന്ന് കലുങ്ക് ഇടിഞ്ഞുപോയത് മൂന്ന് മാസത്തോളം മുൻപാണ്.
മണ്ഡലകാലം തുടങ്ങുന്നതിനു മുൻപുതന്നെ കലുങ്ക് പുതുക്കിപ്പണിയാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. ഇക്കഴിഞ്ഞ 19-നാണ് പണി തുടങ്ങിയത്.
ഗതാഗതം തിരിച്ചുവിട്ട് പണി തുടങ്ങിയപ്പോഴാണ് സ്ഥിതി ഗുരുതരമായത്. വീതി നന്നേ കുറവായതിനാൽ റോഡ് പകുതി വീതം തിരിച്ചിട്ട് കലുങ്ക് നിർമിക്കുക സാധ്യമല്ലാത്തതിനാൽ റോഡ് മുഴുവനായും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
പാലച്ചുവട്, തേക്കുംമൂട്ടിൽപ്പടി ഭാഗങ്ങളിലെ താമസക്കാർക്ക് ഇടവഴികളിലൂടെ കടന്നുപോകാൻ സൗകര്യമുണ്ട്.
എന്നാൽ ഇത് മറയാക്കി ഭാരവണ്ടികളടക്കമുള്ള മറ്റ് വാഹനങ്ങൾ കടന്നു വരുന്നുണ്ടെന്നും കനാൽ ബണ്ടടക്കമുള്ള ഉൾനാടൻ റോഡുകളിൽ ഇത് വലിയ ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും സ്ഥലവാസികൾ പരാതിപ്പെട്ടു.
വലിയ വാഹനങ്ങൾ കടന്നുവന്ന് വൈദ്യുതി സർവീസ് വയറുകൾ പൊട്ടിപ്പോയ സംഭവങ്ങളുമുണ്ടായി. നിയന്ത്രണം കർശനമായി പാലിക്കാനും വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുന്ന റോഡുകളിലൂടെ മാത്രം കടന്നുപോകാനും ഏർപ്പാടുണ്ടാക്കണമെന്നും സ്ഥലവാസികൾ ആവശ്യപ്പെട്ടു.
Published: 24 Oct 2026, 02:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented