ഒരുകാലത്ത് നാടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്നതാണ് കടമക്കുടിയും വരാപ്പുഴയും കോട്ടുവള്ളിയും ഏഴിക്കരയും വൈപ്പിൻകരയും ചിറ്റാറ്റുകരയുമൊക്കെ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പൊക്കാളികൃഷിക്കു പ്രശസ്തമായിരുന്ന ഈ പ്രദേശങ്ങളിൽ കാലം മാറിയതോടെ കൃഷി പിന്നോട്ടുപോയി. എന്നാലിപ്പോൾ പ്രതീക്ഷയുടെ വിത്തു മുളയ്ക്കുകയാണ്. പ്രതിസന്ധികൾ നേരിടുമ്പോഴും അവയെല്ലാം അതിജീവിച്ച് പൊക്കാളിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം കർഷകർ. അതേക്കുറിച്ച് 'മാതൃഭൂമി' അന്വേഷണപരമ്പര
വരാപ്പുഴ: ജില്ലയിലെ തീരദേശ മേഖലയിലുള്ള പൊക്കാളി പാടശേഖരങ്ങളിൽ പ്രതീക്ഷയുടെ പച്ചപ്പ് പടരുകയാണ്. പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോഴും അവയെ എല്ലാം അതിജീവിച്ച് പൊക്കാളിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഒരുവിഭാഗം നെൽകർഷകർ.
കൊച്ചിയുടെ നെല്ലറയായിരുന്നയിടങ്ങളിൽ അപൂർവം പാടശേഖരങ്ങളിൽ മാത്രമാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. പത്തിലൊന്നായി ചുരുങ്ങിയെന്നു തന്നെ പറയാം. ചുരുങ്ങിചുരുങ്ങി കൃഷി തന്നെയില്ലാതാകുന്ന തരത്തിലേക്ക് മാറിയ ഘട്ടത്തിലാണ് അല്പാല്പമായെങ്കിലും മാറ്റത്തിന്റെ കാഴ്ച ദൃശ്യമാകുന്നത്. ഒരുകാലത്ത് നാടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങളാണ് കടമക്കുടിയും വരാപ്പുഴയും കോട്ടുവള്ളിയും ഏഴിക്കരയും വൈപ്പിൻകരയും ചിറ്റാറ്റുകരയുമൊക്കെ ഉൾപ്പെടുന്ന പ്രദേശങ്ങൾ. നിലം ഒരുക്കലും വിത്തിടലും കളപറിക്കലും കൊയ്ത്തുമൊക്കെ ഉത്സവമായി കൊണ്ടാടിയിരുന്ന പ്രദേശങ്ങൾ. ഇന്നിപ്പോൾ അതെല്ലാം അപൂർവമായ കാഴ്ചകളായി മാറിക്കൊണ്ടിരിക്കേയാണ് പ്രതീക്ഷയുടെ വിത്തു മുളയ്ക്കുന്നത്.
ബഹുഭൂരിപക്ഷം വരുന്ന പാടശേഖരങ്ങളും തരിശുനിലങ്ങളായി മാറി. കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ചതും നെല്ലുകൊയ്‌തെടുക്കാൻ മതിയായ തൊഴിലാളികളെ കിട്ടാതെ വന്നതുമൊക്കെ പലരെയും കൃഷിയിൽ നിന്നു പിന്നോട്ടടിപ്പിച്ചു. അനുബന്ധമായി മത്സ്യകൃഷി ചെയ്യേണ്ടതിനാൽ മാത്രമാണ് പലരും പൊക്കാളി കൃഷിയെ പേരിനെങ്കിലും നിലനിർത്തിപ്പോന്നത്. പ്രതിസന്ധികളേറെയുള്ളപ്പോഴും ശുഭകരമായ വാർത്തകളാണ് തീരദേശ മേഖലയിലെ പൊക്കാളിപ്പാടശേഖരങ്ങളിൽ നിന്ന് അടുത്തിടെയായി വന്നുകൊണ്ടിരിക്കുന്നത്. ചിലരെങ്കിലും കൃഷിയിലേക്ക് മടങ്ങിവരുന്ന കാഴ്ച. തൊഴിലുറപ്പു തൊഴിലാളികൾ കൊയ്ത്തുപാടത്തേക്ക് ഇറങ്ങാൻ സന്നദ്ധരായി വന്നതും തൊഴിലുറപ്പു ഗ്രൂപ്പുകളും കുടുംബശ്രീ ഗ്രൂപ്പുകളുമൊക്കെ സംഘകൃഷിയുമായി രംഗത്തുവരുന്നതുമൊക്കെ തരിശായി കിടന്ന പാടശേഖരങ്ങളെ പച്ചപ്പണയിക്കുന്നതിനു കാരണമായിട്ടുണ്ട്.
പ്രദേശത്തെ സഹകരണ സ്ഥാപനങ്ങൾ നൽകിയ നിർലോഭമായ സാമ്പത്തിക സഹായങ്ങളും പൊക്കാളിക്ക് പുതുജീവൻ പകർന്നു നൽകുന്നതിനു സാഹചര്യമൊരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിഭവന്റെയും ഇടപെടലുകളും പിന്തുണയും നാശോന്മുഖമായിരുന്ന പൊക്കാളി നെൽകൃഷിയുടെ തിരിച്ചുവരവിനു കളമൊരുക്കുന്നു.
കൃഷി 2500 ഹെക്ടറിൽ താഴെ മാത്രം
തീരദേശത്തെ ഓരുജല മേഖലയിൽ പൊക്കാളിനെല്ലിനു സമൃദ്ധമായി വളരാൻ ഉതകുന്ന ആവാസവ്യവസ്ഥയാണുള്ളത്. ഏകദേശം 24,000 ഹെക്ടർ വിസ്തൃതിയിലായി എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലായി പൊക്കാളി പാടശേഖരങ്ങൾ വ്യാപിച്ചുകിടക്കുന്നുണ്ട്. അതിവേഗത്തിലുള്ള നഗരവത്കരണത്തിന്റെയും മനുഷ്യജന്യ പ്രവൃത്തികളുടെയും ഭാഗമായി പൊക്കാളി പാടശേഖരങ്ങൾ ശോഷിച്ച് നിലവിൽ 5000 ഹെക്ടർ സ്ഥലത്തായി ചുരുങ്ങിയിരിക്കുകയാണ്. ഇതിൽ തന്നെ 2,500 ഹെക്ടറിൽ താഴെ മാത്രമാണ് പൊക്കാളി നെൽകൃഷി നടക്കുന്നത്. നിലവിലുള്ള പരിസ്ഥിതി ദുർബല പ്രദേശമായ പൊക്കാളി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അവയെ പൈതൃക കൃഷി ഗ്രാമങ്ങളായി നിലനിർത്തണമെന്ന ആവശ്യവും നാളുകളായി തന്നെയുണ്ട്. പൊക്കാളിയുടെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് 2009-ൽ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കറ്റും 2010-11- ലെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പ്ലാന്റ് ജീനോം കമ്യൂണിറ്റി അവാർഡും ലഭിച്ചിട്ടുണ്ട്. പൊക്കാളിയെ സ്‌പെഷ്യൽ റൈസായി ഉയർത്തിയിട്ടുമുണ്ട്. എന്നാൽ, ആ നിലയിലുള്ള ഉയർച്ച പൊക്കാളി കൃഷിക്ക് ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.
ജില്ലയിൽ 350 ഹെക്ടർ പാടശേഖരങ്ങളിലാണ് നിലവിൽ കൃഷി ചെയ്യുന്നത്. വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വൈപ്പിൻ മേഖലകളിലും ചെല്ലാനം ഭാഗത്തുമാണ് പൊക്കാളി കൃഷി ഇപ്പോഴും അവശേഷിക്കുന്നത്.
(തുടരും)
അറിയാം പൊക്കാളിയെ
: വളങ്ങളേതുമില്ലാതെ പൂർണമായും പ്രകൃതിദത്തമായി കൃഷി ചെയ്യുന്ന നെല്ലിനമാണ് പൊക്കാളി. ഏറെ പ്രതിരോധ ശേഷിയുള്ള ഏറ്റവും പഴക്കമുള്ള നാടൻ നെല്ലിനവുമാണിത്. തീരദേശത്തെ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലാണ് പൊക്കാളി സമൃദ്ധമായി വളരുന്നത്. ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്നതാണ് ഈ നെല്ല്. ഒരു കതിരിൽ 300- ഓളം നെൽമണികൾ വരെ ഉണ്ടാകും.
പൊക്കാളി നെൽവിത്തിന്റെ ലഭ്യതക്കുറവ് മറ്റു പരീക്ഷണങ്ങൾക്കും കാരണമായിട്ടുണ്ട്. ചെട്ടിവിരിപ്പ്, വൈറ്റില എട്ട് തുടങ്ങിയ വിത്തിനങ്ങൾ പൊക്കാളിയിൽ നിന്നു വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. പൊക്കാളി നെൽകൃഷിയുടെയും കർഷകരുടെയും ക്ഷേമത്തിനും വികസനത്തിനുമായി സംസ്ഥാന പൊക്കാളിനില വികസന ഏജൻസി പ്രവർത്തിച്ചുവരുന്നുണ്ട്.
Published: 13 Oct 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented