അരൂർ : മാസം ഏഴ് കഴിഞ്ഞു അരൂരിലെ പൊതുശ്മശാനം പ്രവർത്തനരഹിതമായിട്ട്. അതിനുമുൻപും ഇത് പ്രവർത്തിച്ചതാകട്ടെ ഇടയ്ക്കിടെ മാത്രം. കോവിഡ് കാലത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മൃതദേഹങ്ങൾ സംസ്‌കരിച്ചതിനെ തുടർന്നുണ്ടായ തകരാറുകൾ ശ്മശാനത്തെ ബാധിച്ചു. അറ്റകുറ്റപ്പണി നടത്താനിരിക്കെ ജൂലായിൽ കൂറ്റൻ പുകക്കുഴൽ മഴയിൽ ഒടിഞ്ഞുവീണു.

To advertise here,

ഉറ്റവർ മരിച്ചാൽ മൃതദേഹ സംസ്‌കാരത്തിന് അയൽജില്ലയെ ആശ്രയിക്കേണ്ട ഗതികേടിലാണ് അരൂർ, എഴുപുന്ന അടക്കമുള്ള തീരദേശത്തുള്ളവർ. പുകക്കുഴൽ ഒടിഞ്ഞ് വീഴുംമുൻപ് തന്നെ അറ്റകുറ്റപ്പണി നിശ്ചയിക്കുവാൻ വിദഗ്ധസംഘം ഇവിടം സന്ദർശിച്ച് 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിനൊപ്പം 4.87 ലക്ഷം രൂപ ചെലവിൽ വിറകും ഗ്യാസും ഉപയോഗിച്ച് സംസ്‌കാരം നടത്താനാകുന്ന സ്റ്റെയിൻലെസ് സ്റ്റീൽ നിർമിത മൊബൈൽ ക്രിമറ്റോറിയം യൂണിറ്റ് സ്ഥാപിക്കാനും പഞ്ചായത്ത് പദ്ധതിയിട്ടു.

ജൂലായ് എട്ടിന് അപ്രതീക്ഷിതമായി കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞ് വീഴുകയായിരുന്നു. ഇത് സ്ഥാപിക്കുന്നതിനുള്ള ബേസ്‌മെന്റടക്കം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ഇതടക്കം നിശ്ചയിച്ച ജോലികൾ ആരംഭിക്കുവാൻ മലിനീകരണ നിന്ത്രണബോർഡിന്റെ അനുമതി ആവശ്യമാണെന്ന് അധികൃതർ പറയുന്നു. ഇതിനുള്ള അപേക്ഷ നൽകി ഫീസടച്ചതായും വിവരമുണ്ട്. എന്നാൽ നടപടികളിലെ മെല്ലെപ്പോക്കാണ് പ്രശ്നമായിരിക്കുന്നത്.

രണ്ട് മൃതദേഹങ്ങൾ സംസ്‌കരിക്കുവാനുള്ള സൗകര്യവുമായി 2015-ൽ അരൂരിൽ പ്രവർത്തനം തുടങ്ങിയതാണ് ശ്മശാനം. നിലവിൽ പ്രവർത്തന രഹിതമായി കിടക്കുന്ന ശ്മശാനവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്.