പത്തുദിവസം ഒരു മരണം, 36 അപകടങ്ങൾ, 42 പേർക്ക് പരിക്ക്
ചേർത്തല : എവിടെക്കൂടി പോകണമെന്നു വാഹനങ്ങൾക്കും എങ്ങനെ വിടണമെന്ന് അധികൃതർക്കും നിശ്ചയമില്ലാത്ത ദേശീയപാതയിൽ യാത്ര ചോരക്കളിയാകുന്നു. ജാഗ്രതയില്ലെങ്കിൽ അപകടം ഉറപ്പ്. പത്തുദിവസത്തിനുള്ളിൽമാത്രം തുറവൂരിനും ആലപ്പുഴയ്ക്കും ഇടയിൽ 36 അപകടങ്ങളാണുണ്ടായത്. ഇതിൽ തുറവൂരിൽ നടന്ന അപകടത്തിൽ ബൈക്കുയാത്രികൻ മരിച്ചു. മറ്റ് അപകടങ്ങളിൽ 42 പേർക്കാണ് പരിക്കേറ്റത്. ഇതു കേസ് രജിസ്റ്റർചെയ്ത അപകടങ്ങളുടെ എണ്ണംമാത്രം. കേസില്ലാതെ പോയവയും കണക്കാക്കിയാൽ ഇരട്ടിയും കടക്കും.
ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. 100-120 കിലോമീറ്റർ വരെ വേഗത്തിൽ പോകാനുള്ള സാഹചര്യംപോലെ മണിക്കൂറുകൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുമുണ്ട്. സൂചനാബോർഡുകൾ ഫലപ്രദമല്ലാത്തതും പോലീസ് ഇടപെടലുകളില്ലാത്തതുമെല്ലാം അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. സർവീസ് റോഡുകളിൽനിന്ന് പ്രധാന പാതയിലേക്കു കയറുന്ന ഇടങ്ങളിലും ഇടറോഡുകളിൽനിന്ന് സർവീസ് റോഡുകളിലേക്കു കടക്കുന്നിടത്തുമാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്.
ഇത്തരത്തിൽ 33 സ്ഥലങ്ങൾ വാഹനയാത്രക്കാർക്കു പ്രതിസന്ധിയാകുന്നുണ്ട്. രാത്രിയിൽ നിർമാണം നടക്കുന്ന പാതകളിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. തുറവൂർ കവല, അർത്തുങ്കൽ ബൈപ്പാസ്, എക്സ്-റേ കവല, പാതിരപ്പള്ളി, കൊമ്മാടി തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ഗതാഗതം കുരുങ്ങുന്നത്. മറ്റിടങ്ങളിലെല്ലാം താത്കാലികമായാണെങ്കിലും സുഗമയാത്രയ്ക്കു വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.
Published: 18 Sept 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented