വെള്ളംകുളങ്ങര ഗവ.യു.പി. സ്‌കൂളിലാണ് കുട്ടികൾ ചേർന്ന് ബാങ്ക് രൂപവത്കരിച്ചത്

To advertise here,

കരുവാറ്റ : വെള്ളംകുളങ്ങര ഗവ.യു.പി. സ്‌കൂളിൽ കുട്ടികളുടെ ബാങ്ക് തുറന്നു. പണം നിക്ഷേപിക്കാം, ആവശ്യമുള്ളപ്പോൾ പിൻവലിക്കാം, ബാങ്കുകളിലെപ്പോലെ പലിശയും കിട്ടും. മാനേജർ, ക്ലാർക്ക്, കാഷ്യർ തുടങ്ങി വിവിധ 'തസ്തിക'കളിൽ 'ജീവനക്കാരും' കുട്ടികൾ തന്നെയാണ്. ആറാംക്ലാസിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ 'സ്വരുക്കൂട്ടാം, കരുതിവെക്കാം' എന്ന പാഠഭാഗമുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭവപഠനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലെ സാമൂഹികശാസ്ത്രം ക്ലബ്ബ്‌ വിദ്യാ ബാങ്ക് തുടങ്ങിയത്.

സ്‌കൂളിലെ അധ്യാപകനും സാമൂഹികശാസ്ത്രം ക്ലബ്ബ്‌ കൺവീനറുമായ വി. രജനീഷാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. സ്‌കൂളിൽ ബാങ്ക് തുടങ്ങുന്നതിനുമുൻപ് ഹരിപ്പാട്ടെ ബാങ്ക് സന്ദർശിച്ച് പ്രവർത്തനം മനസ്സിലാക്കിയിരുന്നു. രാവിലെ 9.15 മുതൽ 9.45 വരെയും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടുമണിവരെയുമാണ് ബാങ്കിന്റെ പ്രവർത്തനം.

ഒരു ക്ലാസ് മുറി ബാങ്കായി മാറ്റി. മറ്റു ബാങ്കുകളിലെപ്പോലെ രജിസ്റ്ററുകളും സൂക്ഷിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ബാങ്കിൽ പണം നിക്ഷേപിക്കാം. അക്കൗണ്ട് തുറക്കുന്നവർക്ക് പാസ് ബുക്കും നൽകും. അക്കൗണ്ടെടുക്കുന്നതിന് ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫോട്ടോ എന്നിവ ഹാജരാക്കി കെ.വൈ.സി. പൂരിപ്പിച്ചു നൽകണം. പാസ് ബുക്ക്, പണമടയ്ക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള ഫോമുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ബാങ്ക്് പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓരോ ക്ലാസിനും ദിവസം നിശ്ചയിച്ചിട്ടുണ്ട്. കുട്ടികൾ പോക്കറ്റ് മണിയായി കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിക്കും. ആദ്യദിവസം 15 പേരാണ് അക്കൗണ്ടെടുത്തത്. 500 രൂപ നിക്ഷേപമായി കിട്ടി. നിക്ഷേപത്തുക സാമൂഹികശാസ്ത്ര ക്ലബ്ബാണ് സൂക്ഷിക്കുന്നത്. പലിശ നൽകുന്നതും ക്ലബ്ബ്‌ തന്നെയാണ്. അധ്യാപകർ, എസ്.എം.സി., എസ്.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഓമന, ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. മധു എന്നിവർ ചേർന്ന് ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക പി.എസ്. സിന്ധുകുമാരി പ്രസംഗിച്ചു.