കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും അലീഷ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് നൽകിയ നേതൃമികവും ആത്മാർഥതയും പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ  കാർ-ടി സെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്‌ഘാടനം  പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നിർവഹിച്ചു. എറണാകുളം എം.പി, ഹൈബി ഈഡൻ,  ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ് കുമാർ, സ്ഥാപനത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

To advertise here,

ലുക്കീമിയ, ബി-സെൽ ലിംഫോമ എന്നിവയുടെ ചികിത്സയിൽ വൻമാറ്റങ്ങൾക്ക് വഴിതെളിയിക്കാൻ ആസ്റ്റർ മെഡ്സിറ്റിയിലെ പുതിയ കാർ-ടി സെൽ തെറാപ്പിക്ക് കഴിയുമെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി. രക്താർബുദം ഭേദമായ ശേഷം വീണ്ടും രോഗം തിരിച്ചുവരികയും പരമ്പരാഗത രീതികൾ ഫലിക്കാതാവുകയും ചെയ്തവർക്ക് പുതിയ സംവിധാനം ഒരനുഗ്രഹമായിരിക്കും. ഉയർന്ന ചെലവും സങ്കീർണതകളും പ്രത്യേക അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വളരെ അപൂർവം കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ചികിത്സാസംവിധാനം ലഭ്യമായിട്ടുള്ളത്. 

അടുത്തിടെ ബംഗളുരുവിലെ വൈറ്റ്ഫീൽഡിലുള്ള ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ഒരു അതിനൂതന ഐ.ഒ.ഇ.ആർ.ടി ചികിത്സാസംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു. എല്ലാവർക്കും താങ്ങാനാവുന്ന ലോകോത്തര കാൻസർ ചികിത്സ നൽകാനുള്ള ആസ്റ്റർ മെഡ്‌സിറ്റിയുടെ ലക്ഷ്യങ്ങളിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പാണിതെന്ന് അലീഷ പറഞ്ഞു. എ.ഐ ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്രമികവിലേക്ക് നയിക്കാനാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലക്ഷ്യമിടുന്നത്. അതിനുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ പ്രചോദനമാണ് പ്രവാസി ഭൂഷൺ പുരസ്‌കാരം.