ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) റിപ്പോര്‍ട്ട്. വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൂസ് ആന്‍ഡ് അക്വേറിയംസ് (ഡബ്ല്യുഎഇസ്ഡ്എ) ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയത്. നാല് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഹിമപ്പുലികള്‍ക്കായി കണ്‍സര്‍വേഷന്‍ ബ്രീഡിങ് പോലുള്ള പദ്ധതികള്‍ക്ക് ഡാര്‍ജിലിങ് മൃഗശാല തുടക്കമിട്ടിരുന്നു. ഏഴ് ആണ്‍ ഹിമപ്പുലികളും ഏഴ് പെണ്‍ ഹിമപ്പുലികളുമാണ് മൃഗശാലയില്‍ നിലവിലുള്ളത്. 

To advertise here,

ഡബ്ല്യുഎഇസ്ഡ്എ പോലൊരു അന്താരാഷ്ട്ര സംഘനയുടെ അംഗീകാരം സന്തോഷം പകരുന്നതാണെന്നും മൃഗശാലയില്‍ ബ്രീഡിങ് പദ്ധതികള്‍ വിജയം കണ്ടുവെന്നതിന്റെ സൂചനയാണെന്നും പശ്ചിബംഗാള്‍ മൃഗശാല അതോറിറ്റി അധികൃതര്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിമപ്പുലികളെ കൂടാതെ മൃഗശാലയില്‍ റെഡ് പാണ്ട പോലുള്ളവയ്ക്കും ബ്രീഡിങ് പദ്ധതികള്‍ അധികൃതര്‍ വിജയകരമായി നടപ്പിലാക്കിപോരുന്നുണ്ട്. 

ഡാര്‍ജിലിങ് മൃഗശാലയില്‍ ഒരു ഹിമപ്പുലി ഗര്‍ഭിണിയായാല്‍ മറ്റുള്ളവയില്‍ നിന്നും  ഇതിനെ മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 24 മണിക്കൂര്‍ നേരവും വിദഗ്ധരുടെ നിരീക്ഷണത്തിലാകും ഈ പുലി കഴിയുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധനയടക്കം നടത്തും. കുഞ്ഞ് ജനിച്ചതിന് ശേഷവും ഈ കരുതല്‍ തുടരുകയാണ് പതിവെന്ന് അധികൃതര്‍ പറയുന്നു. മൃഗശാലയിലെ വെറ്ററിനറി ആശുപത്രി അടുത്തിടെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചിരുന്നു. ആശുപത്രിയ്ക്കുള്ളിലും കണ്‍സര്‍വേഷന്‍ ബ്രീഡിങ് സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്.

1958 ഓഗസ്റ്റ് 14-നാണ് ഡാര്‍ജിലിങ് മൃഗശാല സ്ഥാപിതമായത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണ് ഹിമപ്പുലികള്‍. ലോകത്താകെ 4,000-ത്തിനും 7,500-ത്തിനുമിടയിലാണ് ഹിമപ്പുലികളുടെ എണ്ണം.