ഷിംല: ഹിമാചല്‍പ്രദേശിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളിലുള്ള ഹിമപ്പുലികളുടെ എണ്ണത്തില്‍ നാലുവര്‍ഷത്തിനിടെ 62 ശതമാനം വര്‍ധനവെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2021-ലെ കണക്കുകള്‍ പ്രകാരം ഹിമപ്പുലികളുടെ എണ്ണം 51 ആയിരുന്നു. ഇത് നിലവില്‍ 83 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവിലാണ് ഹിമാചലില്‍ ഹിമപ്പുലികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് കണ്ടെത്തിയത്.
പ്രദേശവാസികളുടെ കൂടി സഹായത്തോടെ നടപ്പിലാക്കിയ ദീര്‍ഘകാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഹിമപ്പുലികളുടെ കുഞ്ഞുങ്ങളുടെ എണ്ണം ഒഴിവാക്കിയുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. ക്യാമറ ട്രാപ്പിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഹിമപ്പുലികളുടെ നിലവിലെ എണ്ണം തിട്ടപ്പെടുത്തിയത്.
കിന്നോര്‍, ലാഹോൾ-സ്പിതി, പാംഗി വാലി എന്നീവിടങ്ങളില്‍ ഹിമപ്പുലികളുടെ ആവാസവ്യവസ്ഥ കണ്ടെത്തി. കിബ്ബര്‍ വന്യജീവി സങ്കേതം, ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം, സേച്ചു തുയാന്‍ നാല വന്യജീവി സങ്കേതം, അസരംഗ് വന്യജീവി സങ്കേതം എന്നീ ഇടങ്ങളിലും ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ഹിമപ്പുലികളുടെ പ്രധാന ഇരകളായ ബ്ലൂ ഷീപ്പ്, ഹിമാലയന്‍ ഐബെക്‌സ്, മസ്‌ക് ഡീര്‍ എന്നിവ വ്യാപിച്ചുകിടക്കുന്ന പ്രദേശവും സര്‍വേയ്ക്കിടെ രേഖപ്പെടുത്തി. ഉയര്‍ന്നപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ഹിമാലയന്‍ വൂള്‍ഫ്, ബ്രൗണ്‍ ബെയേഴ്‌സ്, റെഡ് ഫോക്‌സ് എന്നിവ വ്യാപിച്ചുകിടക്കുന്ന പ്രദേശവും ഇത്തരത്തില്‍ രേഖപ്പെടുത്തി.
കൗതുകകരമായ കണ്ടെത്തലുകളും സര്‍വേയ്ക്കിടെയുണ്ടായി. കിന്നോറില്‍ പല്ലാസ് ക്യാറ്റിന്റെ സാന്നിധ്യം ഇതാദ്യമായി സ്ഥിരീകരിച്ചു. ലാഹോളിൽ വൂളി ഫ്‌ളൈയിങ് സ്‌കുറലിനെ വീണ്ടും കണ്ടെത്തി. സംസ്ഥാനവ്യാപകമായി രണ്ടാമതും ഹിമപ്പുലികളുടെ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കൂടിയാണ് ഹിമാചല്‍പ്രദേശ്. സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ ജൈവൈവിധ്യത്തിലേക്കും വിരല്‍ചൂണ്ടുന്നു.
Published: 04 Oct 2025, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented