മലപ്പുറം: 'സ്‌നോ ലെപ്പേഡ്' എന്ന കൃതിയിൽ പീറ്റർ മത്തീസൺ നേപ്പാളിലെ ഡോൾപോ മേഖലയിൽ വെച്ച് മഞ്ഞുപുലിയെ കണ്ട അപൂർവാനുഭവം വിവരിക്കുന്നുണ്ട്. സുഹൃത്തും വന്യജീവിശാസ്ത്രജ്ഞനുമായ ജോർജ് ഷാലറിനൊപ്പമുള്ള യാത്ര. മടങ്ങിപ്പോക്കിന്റെ അവസാനദിനങ്ങളിലൊന്നിൽ ഒരു മലഞ്ചെരിവിന്റെ അകലത്തിൽ, പാറക്കെട്ടുകളുടെ മുകളിൽ ഏതാനും നിമിഷങ്ങൾമാത്രം അനുവദിച്ച ദർശനം...

To advertise here,

ഒരു അപൂർവവന്യജീവിദർശനം എന്ന നിലയിൽ മാത്രമല്ല, തേടലിന്റേയും കൈവിടലിന്റേയും ഇടയിലുള്ള ഒരു ആത്മീയനിമിഷമെന്ന നിലയിൽ കൂടിയാണ് മത്തീസൺ ആ അനുഭവം പങ്കുവെച്ചത്. ഇപ്പോൾ അത്തരമൊരു അനർഘമായ അനുഭവത്തിന്റെ ആഹ്ളാദത്തിലാണ് പ്രസിദ്ധ വന്യജീവി ഫോട്ടോഗ്രാഫറായ ശബരി ജാനകി. കഴിഞ്ഞദിവസം ഹിമാലയൻ മലനിരകൾക്കിടയിലുള്ള സ്പിറ്റിവാലിയിലെ കിബ്ബർ വന്യജീവിസങ്കേതത്തിൽ വെച്ചാണ് അദ്ദേഹവും കൂട്ടുകാരും മഞ്ഞുപുലിയെ കണ്ടതും അവനെ ക്യാമറയിലേക്ക് പകർത്തിയതും.

ഒരു കാഴ്ചയ്ക്കുവേണ്ടിയുള്ള തപസ്സ്...

ലോകത്തുതന്നെ ഏറ്റവുമധികം മഞ്ഞുപുലികളുള്ള വന്യജീവിസങ്കേതമാണ് കിബ്ബർ. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ വന്യജീവിസങ്കേതംകൂടിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 3500 മീറ്റർ. അങ്ങനെ എളുപ്പത്തിൽ പോയി കണ്ടുവരാവുന്ന ഒരു ജീവിയല്ല മഞ്ഞുപുലി. അതിനു വേണ്ടിവന്ന തയ്യാറെടുപ്പുകളെക്കുറിച്ച് ശബരി പറയുന്നു- മൂന്നു മാസത്തോളം അതിനുവേണ്ടിയുള്ള ശാരീരികമായ നടത്തം, ഓട്ടം തുടങ്ങിയ തയ്യാറെടുപ്പുകൾ നടത്തി.

മഞ്ഞിൽ ജീവിക്കാൻ ആവശ്യമുള്ള വസ്ത്രങ്ങൾ, കൈ-കാൽ ഉറകൾ, ചൂടുകിട്ടുന്ന വസ്ത്രങ്ങൾ, കൂളിങ് ഗ്ലാസ് എന്നിവ സംഘടിപ്പിച്ചു. ഫെബ്രുവരി മൂന്നിന് സുഹൃത്തുക്കളായ ഷബീർ തുറയ്ക്കൽ, മഞ്ചേരിക്കാരൻ രാജേഷ് കണ്ണമ്പള്ളി, റിട്ട. റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ തുടങ്ങിയവരോടൊപ്പം യാത്ര തുടങ്ങി. കോട്ടയം സ്വദേശി ഷെൽബിൻ ഡിഗോ എന്ന ഫോട്ടോഗ്രാഫറായിരുന്നു ഗൈഡ്. ഇദ്ദേഹം കുളുവിൽ സ്ഥിരതാമസക്കാരനാണ്.

പരിചിതരാരെങ്കിലും ഇല്ലെങ്കിൽ അങ്ങോട്ടു പോവുക എളുപ്പമല്ല. ചെന്നൈയിൽ നിന്ന് ചണ്ഡീഗഢിലേക്ക്. ആദ്യദിവസം സിംലയിൽ താമസം. സമുദ്ര നിരപ്പിൽ നിന്ന് 2000 ഓളം മീറ്റർ ഉയരത്തിൽ. പിന്നെ സ്പില്ലോയിൽ, 3500 മീറ്റർ മുകളിൽ. അടുത്തത് കാസയിൽ 4000 ഓളം മീറ്റർ മുകളിൽ.. അവസാനം 5500 ഓളം മീറ്റർ ഉയരത്തിലുള്ള കിബ്ബറിലെത്തി. ഘട്ടംഘട്ടമായേ ഈ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനാവൂ.

കടുത്ത തലവേദനയും ക്ഷീണവും...

സമുദ്രനിരപ്പിൽ നിന്ന് 30 മീറ്റർമാത്രം ഉയരമുള്ള മഞ്ചേരിയിൽ നിന്നാണ് 5500 മീറ്റർ ഉയരമുള്ളിടത്തെത്തിയത്. മൈനസ് 40 ഒക്കെയാണ് തണുപ്പ്. അക്യൂട്ട് മൗണ്ടൻ സിക്ക്‌നസ് തുടങ്ങി. വിട്ടുമാറാത്ത തലവേദന, ഛർദ്ദി, ക്ഷീണം എന്നിവയാണ് അവസ്ഥ. ഇത് പരിഹരിക്കാൻ ചില ടാബ്‌ലറ്റുകളൊക്കെ കഴിച്ചു.

എന്നാലും പ്രതിരോധിക്കാൻ കഴിയില്ല. മുറിയിൽ ചൂടുപിടിച്ച് ഇരിക്കുകമാത്രം. പുറത്തിറങ്ങിയാൽ മഞ്ഞുപാറകൾ മാത്രം. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. ഉറങ്ങാനും കഴിയുന്നില്ല. ഓക്‌സിജൻകുറവുള്ളതിന്റെ പ്രശ്‌നങ്ങൾ വേറേയും. അവസാനദിവസമായപ്പോഴേക്ക് ശാരീരികപ്രശ്‌നങ്ങൾക്കൊപ്പം മാനസികപ്രശ്‌നങ്ങളും തുടങ്ങി.

ചക്രത്തിൽ ചങ്ങലചുറ്റിയ കാറിൽ...

സൈന്യത്തിന്റെ നിരീക്ഷണമുള്ള പ്രദേശമാണത്. മഞ്ഞുനീക്കുന്നതെല്ലാം സൈന്യമാണ്. അത്യാവശ്യത്തിന് മാത്രമേ അവിടെയുള്ളവർ പുറത്തിറങ്ങൂ. നേരത്തേ ശേഖരിച്ചുവെച്ച ഭക്ഷണസാമഗ്രികൾ ഉപയോഗിച്ച് ജീവിക്കും. മഞ്ഞുകാലം കിബ്ബറിൽ ഓഫ് സീസണാണ്. ഇവിടത്തെ വിനോദസഞ്ചാരകാലം ഏപ്രിൽ,മേയ് മാസങ്ങളാണ്. വിന്ററിൽ മഞ്ഞുപുലിയെ കാണാൻ വേണ്ടിമാത്രമേ ആളുകൾ വരാറുള്ളൂ. മൂന്നാംദിവസം രാവിലെയാണ് സ്‌നോ ലെപ്പേഡിന്റെ സാന്നിധ്യമറിഞ്ഞത്.

ഓരോ സംഘത്തിലുമുള്ള സ്‌കാനർമാരാണ് ബൈനോക്കുലറുകളുമായി അതിരാവിലെത്തന്നെ പരിസരമെല്ലാം വീക്ഷിച്ച് ഇവയുടെ സാന്നിധ്യമറിയിക്കുക. പിൻടയറിൽ ഇരുമ്പുചങ്ങലചുറ്റിയ ഇന്നോവയിൽ കുറേദൂരം യാത്ര. പിന്നെ മുട്ടുവരെ മഞ്ഞുള്ളിടത്തുകൂടി കിലോമീറ്ററുകൾ നടക്കണം. ട്രൈപ്പോടും ക്യാമറയുമെല്ലാം ഷെർപ്പകൾ ചുമക്കും.

ഏറ്റവും ഉയരമുള്ള ഗെദ്ദെ എന്ന സ്ഥലത്താണ് മഞ്ഞുപുലിയുള്ളത്. 11 മണിയോടെ അവിടെയെത്തി. എന്നിട്ടും അരമണിക്കൂർ വേണ്ടിവന്നു അതിനെ കണ്ടെത്താൻ. മൊത്തം മഞ്ഞുമലകളാണ്. അതിലൊന്നിൽ 700 മീറ്റർ അകലെയായി അവൻ കിടക്കുന്നു. പക്ഷേ ആ കിടത്തം വൈകീട്ട് അഞ്ചുമണിവരെ നീണ്ടു. അതുവരെ എല്ലാവരും ആ കൊടുംതണുപ്പിൽ വിറച്ച് കാത്തിരുന്നു, അവനൊന്ന് എഴുന്നേൽക്കാൻ. ഒടുവിൽ അവൻ എഴുന്നേറ്റ് കോട്ടുവായിട്ടു. ക്യാമറകൾ തുരുതുരെ കണ്ണുതുറന്നടച്ചു.

പലരാജ്യങ്ങളിൽ നിന്നുമുള്ള ഗവേഷകരും യാത്രികരും ഫോട്ടോഗ്രാഫർമാരുമുണ്ടായിരുന്നു കൂട്ടത്തിൽ. കുറേ ചിത്രങ്ങളെടുത്തു. അതിനിടെ അവൻ ഒന്ന് താഴേക്കിറങ്ങി. കൂടുതൽ അടുത്തുവരുമെന്ന് കരുതുന്നതിനിടയിൽ തിരിച്ചുകയറിപ്പോവുകയും ചെയ്തു. കുറച്ചു മിനിറ്റുകൾ മാത്രം ദർശനം നൽകി ആ മഞ്ഞുപുലി മഞ്ഞുപുതപ്പിനിടയിലേക്ക് നടന്നു.

ആ യാത്രയിൽ ഹിമാലയൻ റെഡ് ഫോക്‌സ് എന്ന ചുവന്ന കുറുക്കൻ, ഹിമാലയൻ വൂൾഫ് എന്ന ചെന്നായ, ഹിമാലയൻ ഐബെക്‌സ്, കാട്ടാട്, ബ്ലൂഷീപ്പ് എന്നിവയുടെ ചിത്രം എടുക്കാൻ കഴിഞ്ഞതായി ശബരി ജാനകി പറയുന്നു. ഇതിലെ ഐബെക്‌സും ബ്ലൂഷീപ്പുമെല്ലാമാണ് സ്‌നോ ലെപ്പേഡിന്റെ പ്രധാന ഇരകൾ...