ന്യൂഡല്‍ഹി: രാജ്യത്ത് ഹിമപ്പുലികളുടെ എണ്ണം 718 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയമായ രീതിയില്‍ ഹിമപ്പുലികളുടെ എണ്ണം രാജ്യത്ത് തിട്ടപ്പെടുത്തുന്നതും ഇതാദ്യമാണ്. സ്‌നോ ലെപ്പേഡ് പോപ്പുലേഷന്‍ അസെസ്‌മെന്റ് ഇന്‍ ഇന്ത്യ (എസ്പിഎഐ) ആണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഡബ്ല്യഐ), ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ (WWF-India) അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായി. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടു. 

To advertise here,

2019-2023 കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയിലെ 70% സ്ഥലങ്ങളിലാണ് സർവ്വെ നടത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. 

ക്യാമറ ട്രാപ്പ് സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗിച്ചു. ലഡാക്കില്‍ 477 ഹിമപ്പുലികളെ കണ്ടെത്തിയപ്പോള്‍ ഉത്തരാഖണ്ഡില്‍ ഇത് 124 ആയിരുന്നു. ഹിമാചല്‍ പ്രദേശ് (51), അരുണാചല്‍ പ്രദേശ് (36), സിക്കിം (21) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. നിരീക്ഷണ സംവിധാനങ്ങളില്‍ ഇതുവരെ തിരിച്ചറിയാതിരുന്ന 241 പുതിയ ഹിമപ്പുലികളെയും സര്‍വേ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൂസ് ആന്‍ഡ് അക്വേറിയംസ് (ഡബ്ല്യുഎഇഡ്‌സ്എ) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.