തിരുവനന്തപുരം: കാടിറങ്ങിയ അവന്‍ ആദ്യം വയനാടന്‍ മലയോരഗ്രാമങ്ങളില്‍ ഭീതിയായിരുന്നു. പിന്നീട് 'പ്രേമം' സിനിമയിലെ ജോര്‍ജിന്റെ പേര് സ്വീകരിച്ച് തിരുവനന്തപുരം മൃഗശാലയിലെ ഹീറോയായി. ഒടുവില്‍ 22-ാം വയസ്സില്‍ മുറിവുകളോട് മല്ലടിച്ച് വിടവാങ്ങി. ഈ 'മലയാളി' കടുവയുടെ ജീവിതകഥ നമുക്ക് അറിയില്ലെങ്കിലും ഫ്രാന്‍സിലെ കുട്ടികള്‍ക്കിടയില്‍വരെ പരിചിതമാണ്. എഴുത്തുകാരിയും നര്‍ത്തകിയുമായ ക്ലെയര്‍ ലെ മിഷേല്‍ എന്ന ഫ്രഞ്ച് വനിതയാണ് തന്റെ ചെറുകഥകളിലൂടെ ജോര്‍ജ് എന്ന കടുവയെ അവര്‍ക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ജോര്‍ജ് മരണത്തിനു കീഴടങ്ങിയെങ്കിലും കഥകളിലൂടെ ഓര്‍മ്മകള്‍ അവശേഷിപ്പിക്കുകയാണ് മിഷേല്‍.

To advertise here,

പ്രകൃതിയും മൃഗങ്ങളുമായുള്ള ബന്ധത്തെപ്പറ്റി പഠിക്കാനായിരുന്നു ഫ്രഞ്ച് സാംസ്‌കാരികകേന്ദ്രമായ അലിയോണ്‍സ് ഫ്രാന്‍സെസിന്റെ അതിഥിയായി ഏതാനും വര്‍ഷം മുന്‍പ് മിഷേല്‍ കേരളത്തിലെത്തിയത്. ഗവേഷണങ്ങളുടെ ഭാഗമായി മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്സാണ്ടറെ കണ്ടുമുട്ടിയതോടെ എഴുത്തിനുള്ള ഊര്‍ജമായി.

ശാന്തനായി കൂട്ടില്‍ കഴിഞ്ഞിരുന്ന ജോര്‍ജ് എന്ന കടുവയുമായി ഊഷ്മള സൗഹൃദവും ആരംഭിച്ചു. തിരികെ മടങ്ങിയ ഉടന്‍തന്നെ 'ദി സ്റ്റോറി ഓഫ് ജോര്‍ജ്' എന്ന പേരില്‍ ബ്ലോഗായും റേഡിയോ സീരീസ് ആയും ഈ കടുവയുടെ കഥകള്‍ പിറന്നു. ഭാവനകള്‍കൂടി ചേര്‍ന്ന മിഷേലിന്റെ ജോര്‍ജ് കഥകള്‍ ഫ്രാന്‍സില്‍ ജനപ്രിയമായി. മൃഗശാല ജീവനക്കാരുള്‍പ്പെടെ അതില്‍ കഥാപാത്രങ്ങളാണ്. ഇതുവരെ 38 അധ്യായങ്ങള്‍ പുറത്തിറങ്ങി.

ശനിയാഴ്ചകളില്‍ പ്രാര്‍ഥനേയ് ടൗണിലെ ലൈബ്രറിയില്‍ നടക്കുന്ന 'റീഡിങ് നൈറ്റി'ല്‍ ജോര്‍ജ് കഥകള്‍ കേള്‍ക്കാന്‍ നിരവധിപേരാണ് ഒത്തുകൂടിയത്. മിഷേല്‍ ഷൂട്ട് ചെയ്തിരുന്ന ജോര്‍ജിന്റെ വീഡിയോകള്‍ ഈ കഥപറച്ചില്‍ കൂടുതല്‍ സുന്ദരമാക്കി. ജോര്‍ജുമായി ബന്ധപ്പെട്ട കഥകളും സംഭവങ്ങളുമെല്ലാം ചേര്‍ത്ത് പ്രാര്‍ഥനേയ് ടൗണ്‍ ഒരു വെബ്പേജും ആരംഭിച്ചിട്ടുണ്ട്.

അവിടത്തെ സ്‌കൂള്‍കുട്ടികള്‍ വരച്ച ജോര്‍ജിന്റെ 23 ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാലാ അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു. അതു കണ്ടപ്പോഴാണ് ഈ കടുവയ്ക്ക് ഫ്രാന്‍സില്‍ ഇത്ര ആരാധകരുണ്ടെന്ന് അവരും അറിയുന്നത്. അതിനിടെ കഴിഞ്ഞ ഡിസംബറില്‍ ജോര്‍ജ് മരണത്തിനു കീഴടങ്ങിയത് മിഷേലിനെയും അവിടത്തെ ആസ്വാദകരെയും സങ്കടത്തിലാക്കി. സാധാരണ കടുവകള്‍ക്ക് 16 വയസ്സുവരെയാണ് ആയുസ്. എന്നാല്‍, ജോര്‍ജ് വിടപറഞ്ഞത്22-ാം വയസ്സിലായിരുന്നു. 

2015-ലാണ് ഈ കടുവ നാട്ടിലിറങ്ങിയത്. 30-ലേറെ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി ഏഴ് ദിനരാത്രങ്ങള്‍ മലയോരഗ്രാമങ്ങളെ അവന്‍ വിറപ്പിച്ചു. പിടികൂടി മൃഗശാലയിലെത്തിക്കുമ്പോള്‍ ശരീരമാസകലം മുറിവുകളായിരുന്നു.

മൂക്കിന്റെ അഗ്രവും മുറിഞ്ഞുപോയ അവസ്ഥയിലായിരുന്നു. മികച്ച പരിചരണത്തിലൂടെ ആരോഗ്യവാനായി. ആ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ 'പ്രേമ'ത്തിലെ നായകന്റെ പേരും ലഭിച്ചു. മൃഗങ്ങളെ പൂട്ടിയിടുന്ന മൃഗശാല എന്ന സങ്കല്‍പ്പത്തിന് എതിരായിരുന്നു മിഷേല്‍. എന്നാല്‍, മൃഗശാലയിലെ പരിചരണങ്ങള്‍ കണ്ടറിഞ്ഞശേഷം മിഷേല്‍ തന്റെ അഭിപ്രായം മാറ്റിയതായി ഡോ. ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു.

Content Highlights: story of a tiger named  george in trivandrum zoo